കേരളത്തിലെ ഓര്‍ഡിനന്‍സ് രാജ് അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഓര്‍ഡിനന്‍സ് രാജ് അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏറ്റവും അടിയന്തരമായ ഘട്ടത്തില്‍ മാത്രം ഇറക്കേണ്ടതാണ് ഓര്‍ഡിനന്‍സുകളെന്നും എന്നാല്‍ ഇന്നു കേരളത്തില്‍ ഓര്‍ഡിനന്‍സ് രാജാണു നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

2021ല്‍ മാത്രം 142 ഓര്‍സിനന്‍സുകളാണ് ഇറക്കിയത്. ഈ വര്‍ഷം ഇതേ വരെ പതിനാല് ഓര്‍ഡിനന്‍സുകള്‍ ഇറക്കിക്കഴിഞ്ഞു. ഇപ്പോള്‍ പതിനൊന്ന് ഓര്‍ഡിനന്‍സുകള്‍ ഇറക്കാനുള്ള തന്ത്രപ്പാടിലാണ് സര്‍ക്കാര്‍. വളരെ ലാഘവത്തോടെയാണ് ഇത് കൈകാര്യം ചെയ്യുന്നത് എന്നതിനു തെളിവാണ് പോലീസിന് അമിതാധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് . ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ മറ്റൊരു ഓര്‍ഡിനന്‍സിലൂടെ അത് പിന്‍വലിച്ചത് ആരും മറന്നിട്ടില്ല.

1985 ല്‍ ഡി.സി. വാധ്വ ഢ െസ്റ്റേറ്റ് ഓഫ് ബീഹാര്‍ കേസില്‍ സുപ്രീം കോടതി പറഞ്ഞത് അടിയന്തര ഘട്ടത്തിലല്ലാതെ ഓര്‍ഡിനന്‍സ് ഇറക്കുന്നത് ഫ്രോഡ് ഓണ്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ എന്നാണ്. അക്കാര്യം സര്‍ക്കാര്‍ മറക്കരുത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 213 സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ് .ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

കാലാവധി തീരാനായ 11 ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതെ ഗവണര്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയതിന് പിന്നാലെയാണ് വിഷയത്തില്‍ ചെന്നിത്തലയുടെ പ്രതികരണം. എല്ലാ ഓര്‍ഡിനന്‍സുകളിലും കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. വ്യക്തമായ വിശദീകരണം വേണം. ഓര്‍ഡിനന്‍സ് രാജ് അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.