'മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചു'; കോടതിവിധി നടപ്പാക്കി തരാമെന്ന ഉറപ്പ് ലംഘിച്ചെന്ന് ഓർത്തഡോക്സ് സഭ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓർത്തഡോക്സ് സഭ. മുഖ്യമന്ത്രി പറഞ്ഞുപറ്റിച്ചെന്ന് ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വീതീയൻ കതോലിക്കാ ബാവ. കോടതിവിധി നടപ്പാക്കിത്തരാമെന്ന് തനിക്ക് നേരിട്ട് നൽകിയ ഉറപ്പ് മുഖ്യമന്ത്രി ലംഘിച്ചുവെന്നും കാതോലിക്കാ ബാവ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം മലങ്കരപള്ളികളിലെ സെമിത്തേരികളിൽ സംസ്കാരം നടത്താൻ അവകാശം ഉന്നയിച്ച് യാക്കോബായ സഭക്ക് വേണമെങ്കിൽ ഉചിതമായ കേന്ദ്രങ്ങളെ സമീപിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങളിലെ തുടര്‍നടപടികളെല്ലാം 2017 ജൂലായ് 3-ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ കോടതി പറ‍ഞ്ഞു. 2017-ലെ വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ കേസിൽ കൂടുതൽ ഇടപെടൽ നടത്താൻ ആഗ്രഹിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Read more

ഇതേതുടര്‍ന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നൽകിയ റിട്ട് ഹര്‍ജി യാക്കോബായ സഭ പിൻവലിച്ചു. സുപ്രീം കോടതി വിധി മറികടന്ന് പള്ളികളിൽ സമാന്തര ഭരണം ഉറപ്പാക്കാനാണ് യാക്കോബായ സഭ ശ്രമിക്കുന്നതെന്ന് ഓര്‍ത്തഡോക്സ് വിഭാഗം വാദിച്ചു. അത്തരം കാര്യങ്ങളിലേക്കൊന്നും ഇപ്പോൾ കടക്കേണ്ട സാഹര്യം ഇല്ലെന്ന് കോടതി മറുപടി നൽകി. അതേസമയം സെമിത്തേരികളിൽ സംസ്കാരത്തിനുള്ള അനുമതി തേടി തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കാനാണ് തീരുമാനമെന്ന് യാക്കോബായ സഭയുടെ അഭിഭാഷകര്‍ അറിയിച്ചു.