'ആസൂത്രിതമായി യോഗത്തിലേക്കെത്തി, ദൃശ്യങ്ങൾ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കി'; പി പി ദിവ്യയുടെ പ്രസംഗം നവീൻ ബാബുവിനെ മരണത്തിലേക്ക് നയിപ്പിച്ചെന്ന് കുറ്റപത്രം

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ കുറ്റപത്രം സമർപ്പിച്ചു. കണ്ണൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയെ പ്രതിയാക്കിയാണ് കുറ്റപത്രം. നവീൻ ബാബു കൈകൂലി വാങ്ങിയതിന് തെളിവില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.

നവീൻ ബാബു മരിച്ച് 166 ദിവസത്തിന് ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. ആത്മഹത്യക്ക് മുൻപ് നവീൻ ബാബു രണ്ട് തവണ ക്വാർട്ടേഴ്സിൽ എത്തിയെന്നും നാട്ടിലേക്കുള്ള ട്രെയിൻ പോയതിന് ശേഷവും റെയിൽവേ സ്റ്റേഷനിൽ എത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. ട്രെയിൻ പോയത് അറിഞ്ഞിട്ടും പ്ലാറ്റ്ഫോമിൽ മണിക്കൂറുകൾ ചിലവഴിച്ചെന്നും ആത്മഹത്യ ചെയ്യുന്നത് പുലർച്ചെ 4.52നു ശേഷമാണെന്നും കുറ്റപത്രത്തിലുണ്ട്.

പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തി, പ്രചരിപ്പിച്ചതും പിപി ദിവ്യ തന്നെയെന്ന് കുറ്റപത്രത്തിൽ പറയുന്നു. യാത്രയയപ്പ് ചടങ്ങിനെ കുറിച്ച് അറിയാൻ പി പി ദിവ്യ പലതവണ കളക്ടറുടെ പി എ യെ ഫോണിൽ വിളിച്ചു.ദിവ്യ ക്ഷണിക്കാത്ത ചടങ്ങിനെത്തിയത് കൃത്യമായ ലക്ഷ്യത്തോടെയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.കുറ്റപത്രത്തിനൊപ്പം 85 സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമുണ്ട്.

പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നായിരുന്നു പി പി ദിവ്യയുടെ ആരോപണം. എന്നാൽ കൈക്കൂലി വാങ്ങിയിട്ടില്ല എന്നാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഫയല്‍ നീക്കവുമായി ബന്ധപ്പെട്ട് യാതൊരുവിധ അസ്വഭാവികതയുമില്ല, അനധികൃത ഇടപെടലുമുണ്ടായിട്ടില്ല, കൈക്കൂലി വാങ്ങിയതിന് തെളിവുമില്ല എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.

ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടാകാത്തതിനാൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.