പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ വേണുഗോപാല്‍. പാലക്കാട് ഒരു ആണ്‍കുട്ടി പോലും ഇല്ലേ മത്സരിക്കാനെന്ന് അവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. കെ.കരുണാകരന്റെ കുടുംബത്തെ പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ കരി വാരിപൂശിയ ഇയാളെ മാത്രമേ കോണ്‍ഗ്രസുകാര്‍ക്ക് കിട്ടിയുള്ളൂ. പാലക്കാട് കെ. മുരളീധരന്റെ പേര് കേട്ടിരുന്നു.
കെ.കരുണാകരന്റെ മകന് സീറ്റ് കൊടുക്കില്ലെന്ന് താന്‍ പറഞ്ഞത് ശരിയായില്ലേ. പാലക്കാട് ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരന് സീറ്റ് നിഷേധിച്ചുവെന്നും പത്മജ ആരോപിച്ചു.
അതേസമയം, സംസ്ഥാനത്തെ രണ്ട് നിയമസഭ മണ്ഡലങ്ങളിലും ഒരു ലോക്സഭ മണ്ഡലത്തിലും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ യുഡിഎഫ് പ്രഖ്യാപിച്ചു. ചേലക്കരയും പാലക്കാടുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിയമസഭ മണ്ഡലങ്ങള്‍. രാഹുല്‍ ഗാന്ധി രാജിവച്ച വയനാട് ലോക്സഭ മണ്ഡലമാണ് ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന ലോക്സഭ മണ്ഡലം.
പാലക്കാട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥിയാകും. ചേലക്കരയില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രമ്യ ഹരിദാസിന് ഒരു അവസരം കൂടി നല്‍കുകയാണ് യുഡിഎഫ്. അതേസമയം വയനാട് ലോക്സഭ മണ്ഡലത്തില്‍ നേരത്തെ നിശ്ചയിച്ചത് പ്രകാരം പ്രിയങ്ക ഗാന്ധി മത്സരിക്കും.
Read more
ഷാഫി പറമ്പിലിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും പിന്തുണ നേടിയാണ് പാലക്കാട് മണ്ഡലത്തിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിയോഗിക്കപ്പെട്ടത്. എന്നാല്‍ രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.