പുല്‍വാമ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് പത്തനംതിട്ടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി. പുല്‍വാമ പരാമര്‍ശം വിവാദമായതോടെ ആക്രമണത്തില്‍ പാകിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് ആന്റോ ആന്റണിയുടെ വിശദീകരണം. ആന്റോ ആന്റണിയുടെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശം ബിജെപി ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി.
പരാമര്‍ശം ബിജെപി ദേശീയ തലത്തില്‍ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് കണ്ടാണ് ആന്റോ പുതിയ വിശദീകരണവുമായി രംഗത്തെത്തിയത്. കശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്കിന്റെ വാക്കുകള്‍ ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് വിശദീകരണം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി 42 ജവാന്‍മാരുടെ ജീവന്‍ ബലികൊടുത്താണ് ജയിച്ചതെന്നായിരുന്നു ആന്റോ ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞത്.
പാകിസ്ഥാന് ഈ സ്ഫോടനത്തില്‍ പങ്കെന്താണെന്നും എംപി ചോദിച്ചു. ഇന്ത്യന്‍ ടെറിട്ടറിക്കകത്ത് നടന്ന സംഭവത്തിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിന്റേതാണ്.സര്‍ക്കാര്‍ അറിയാതെ അത്രയും സ്ഫോടക വസ്തുക്കള്‍ പുല്‍വാമയില്‍ എത്തില്ലെന്ന് പലരും സംശയിച്ചിരുന്നു. സേനയെ നയിച്ചവരുടെ സംശയം ദൂരീകരിച്ചത് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കാണ്. സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തിയതായും ആന്റോ ആന്റണി പറഞ്ഞു.
Read more
2019 ഫെബ്രുവരി 14ന് ആയിരുന്നു പുല്‍വാമ സ്ഫോടനം നടക്കുന്നത്. സൈനികരുടെ വാഹന വ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ച് കയറ്റുകയായിരുന്നു. പിന്നാലെ പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ പോയ സൈനികരാണ് ആക്രമണത്തിനിരയായത്.