പാലാരിവട്ടം പാലം അഴിമതി കേസില്‍ കരാറുകാരന് വായ്പ അനുവദിച്ച ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും പ്രതികളാക്കി. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. സ്പെഷ്യൽ സെക്രട്ടറി കെ സോമരാജൻ, അണ്ടർ സെക്രട്ടറി ലതാകുമാരി, അഡീഷണൽ സെക്രട്ടറി സണ്ണി ജോണ്‍, ഡെപ്യൂട്ടി സെക്രട്ടറി പി.എസ് രാജേഷ് എന്നിവരെയാണ് പ്രതികളാക്കിയത്. കിറ്റ്കോയുടെ രണ്ട് ഉദ്യോഗസ്ഥര്‍ കൂടി അഴിമതി കേസില്‍ പ്രതി ചേര്‍ത്തു. എന്‍ജിനീയർ എ.എച്ച് ഭാമ, കണ്‍സൽട്ടൻറ് ജി സന്തോഷ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഇതോടെ കേസിലെ മൊത്തം പ്രതികള്‍ പതിനേഴായി.
പാലാരിവട്ടം മേൽപാലം നിർമ്മാണത്തിലെ അഴിമതി 3 ഘട്ടങ്ങളിലായി ആസൂത്രണത്തോടെ നടപ്പാക്കിയതാണെന്നു വിജിലൻസ് കോടതിയിൽ ബോധിപ്പിച്ചു. കരാർ ഏജൻസിയെ തിരഞ്ഞെടുത്തതു മുതൽ മൊബിലൈസേഷൻ ഫണ്ട് അനുവദിക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് അറിഞ്ഞിരുന്നുവെന്നും വിജിലൻസ് കോടതിയിൽ ബോധിപ്പിച്ചു
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ബുധനാഴ്ച ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.
അതേസമയം ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന വിജിലൻസ് കോടതി നിർദ്ദേശത്തിൽ തുടർ നടപടികൾ ഇന്നുണ്ടാകും. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് നിർദ്ദേശം .
Read more
ഇതിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് കോടതിയിൽ പ്രത്യേകം അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഡോക്ടർമാരെ കുറിച്ചുള്ള വിശദാംശങ്ങൾ ഇന്ന് കോടതിയെ അറിയിക്കും. വിജിലൻസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയും ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷയും ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്. അതിനു മുമ്പായി മെഡിക്കൽ റിപ്പോർട്ട് കോടതിക്ക് നൽകണം.