ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് കൊച്ചി വിമാനത്താവളത്തിൽ നിന്നും അപൂർവയിനം പക്ഷികളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. തായ്‌ലൻഡിൽ നിന്നും എത്തിയ രണ്ട് യാത്രക്കാരുടെ ബാഗിൽ നിന്നുമാണ് വംശനാശം നേരിടുന്ന അപൂർവയിനം പക്ഷികളെ പിടികൂടുന്നത്. ഇവയെ കൊച്ചി വിമാനത്താവളം വഴി കേരളത്തിലേക്ക് കടത്താനായിരുന്നു ശ്രമം. 25000 രൂപ മുതൽ രണ്ട് ലക്ഷം വരെ വിലയുള്ള നാലിനങ്ങളിൽ പെട്ട 14 പക്ഷികളെയാണ് തായ്‌ലൻഡിൽ നിന്നുമെത്തിയ രണ്ട് യാത്രക്കാരുടെ ബാഗിൽ നിന്നും കണ്ടെത്തിയത്. ഇവയെ കടത്താൻ ശ്രമിച്ച പ്രതികളെ കസ്റ്റംസ് വനംവകുപ്പിന് കൈമാറിയിരുന്നു. കേരളത്തിലേക്ക് കൊണ്ടുവരാൻ നിയമാനുമതിയില്ലാത്ത പക്ഷികളെയാണ് പ്രതികൾ കടത്താൻ ശ്രമിച്ചത്.
പ്രതികളെ വനംവകുപ്പിന് കൈമാറിയതോടെ ‘തൊണ്ടിമുതൽ’ ആയ പക്ഷികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കസ്റ്റംസിനായി. കേരളത്തിലേക്ക് കൊണ്ടുവരാൻ നിയമാനുമതിയില്ലാത്ത പക്ഷികളെ തായ്‌ലാന്റിലേക്ക് തിരികെ വിടേണ്ടതിന്റെ ഉത്തരവാദിത്വം കസ്റ്റംസ് ഏറ്റെടുത്തു. എന്നാൽ ഇതുപോലെ ആറു അനുഭവം കസ്റ്റംസിന്റെ ചരിത്രത്തിൽ ഉണ്ടാകാൻ ഇടയുണ്ടായിട്ടുമുണ്ടാവില്ല.
പക്ഷികളുടെ ജീവൻ രക്ഷിക്കാൻ പപ്പായ മുതൽ പൈനാപ്പിൾ വരെയുള്ള ഭക്ഷണപരീക്ഷണമാണ് കസ്റ്റംസ് നടത്തിയത്. ‘തൊണ്ടിമുതൽ’ സംരക്ഷിക്കാൻ ക്വാറൻ്റീൻ മുറിയിൽ നീണ്ട കാത്തിരിപ്പ്. കേരളത്തിലെ കാലാവസ്ഥ പരിചയമില്ലാത്ത വിദേശപക്ഷികളുടെ ജീവൻ നിലനിർത്തുകയായിരുന്നു ആദ്യത്തെ വെല്ലുവിളി നിറഞ്ഞ കാര്യം. അതിനായി ആദ്യം പക്ഷികളെ വിമാനത്താവളത്തിലെ ക്വാറൻ്റീൻ മുറിയിലേക്ക് മാറ്റി.
ഇവയ്ക്ക് എന്ത് ഭക്ഷണം നൽകണമെന്നതായി പിന്നീടുള്ള പ്രതിസന്ധി. പെറ്റ് ഷോപ്പ് നടത്തുന്ന ഒരാളെ വിളിച്ചുവരുത്തി കസ്റ്റംസ് ഭക്ഷണപരീക്ഷണം തുടങ്ങി. അയാളുടെ നിർദേശപ്രകാരം പപ്പായയും പൈനാപ്പിളും ജ്യൂസാക്കി നൽകി ആദ്യ പരീക്ഷണം തുടങ്ങി. ചില പക്ഷികൾ പപ്പായ ജ്യൂസ് കഴിച്ചപ്പോൾ ചില പക്ഷികൾ പൈനാപ്പിൾ ജ്യൂസ് കഴിച്ചു. മറ്റ് ചിലപക്ഷികളാട്ടെ പഴവും തിനയുമൊക്കെ കൊത്തിപ്പെറുക്കി അകത്താക്കി.
കൂർത്ത ചുണ്ടുകളുള്ള ഈ അപൂർവ ഇനം പക്ഷികൾ കൊത്തിയാൽ മാരകമായ മുറിവേൽക്കുമെന്ന് പെറ്റ് ഷോപ്പിലെ ആൾ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനാൽ തന്നെ വളരെ ശ്രദ്ധിച്ചാണ് തൊണ്ടിമുതലായ പക്ഷികൾക്ക് കസ്റ്റംസ് ഭക്ഷണം നൽകിയത്. ഒരു പക്ഷിയുടെ പോലും ജീവൻ നഷ്ടപ്പെടാതെ ഇരിക്കാൻ അവർ പരമാവധി ശ്രമിച്ചു. 24 മണിക്കൂറിലേറെ നീണ്ട പക്ഷി പരിപാലനമാണ് നടന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സർവീസിനിടെ ഇത്തരമൊരു അനുഭവം ഇത് ആദ്യമായിരിക്കും.