കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നാം പ്രതി അനുപമയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് കര്‍ശന ഉപാധികളോടെ അനുപമയ്ക്ക് ജാമ്യം അനുവദിച്ചത്. ബംഗളൂരുവില്‍ പോയി എല്‍എല്‍ബി പഠിക്കണം എന്ന ആവശ്യം ഉന്നയിച്ച് അനുപമ സമര്‍പ്പിച്ച ജാമ്യാപേക്ഷ പ്രതിയുടെ പ്രായം പരിഗണിച്ച് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
നേരത്തെ അനുപമ ഇതേ ആവശ്യം ഉന്നയിച്ച് കൊല്ലം ഒന്നാം അഡീഷണല്‍ സെക്ഷന്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി 22കാരിക്ക് ജാമ്യം അനുവദിച്ചത്.
കൊല്ലം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. സാക്ഷികളെ സ്വാധീനിക്കരുതെന്നും രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശമുണ്ട്. ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒന്നാം പ്രതിയായ കെആര്‍ പത്മകുമാറിന്റെയും രണ്ടാം പ്രതിയായ ഭാര്യ അനിത കുമാരിയുടെയും മകളാണ് അനുപമ.
ഒന്നും രണ്ടും പ്രതികള്‍ ഇതുവരെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടില്ല. 2023 നവംബര്‍ 27ന് ആയിരുന്നു കൊല്ലം ഓയൂര്‍ സ്വദേശിയായ ആറ് വയസുകാരിയെ വീടിന് സമീപത്ത് നിന്ന് പത്മകുമാറും ഭാര്യ അനിതയും മകള്‍ അനുപമയും ചേര്‍ന്ന് ബലം പ്രയോഗിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയത്.
കുട്ടിയുടെ സഹോദരനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും കുട്ടി കുതറി മാറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം തട്ടിക്കൊണ്ടുപോകല്‍ സംഘം കുട്ടിയുടെ കുടുംബത്തെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. മാധ്യമങ്ങള്‍ സംഭവം ഏറ്റെടുത്തതോടെ സംസ്ഥാന വ്യാപകമായി പൊലീസും ജനങ്ങളും അന്വേഷണം നടത്തിയിരുന്നു.
പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സംഘം പിറ്റേ ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ മൂവരും ചേര്‍ന്ന് പൊലീസ് അന്വേഷണത്തെ വഴി തെറ്റിക്കാന്‍ ശ്രമിച്ചെങ്കിലും മൂവരും മാസങ്ങള്‍ക്ക് മുന്‍പ് തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്യുകയായിരുന്നു. ഒന്നാം പ്രതി പത്മകുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലും രണ്ടാം പ്രതി അനിതയെയും മകള്‍ അനുപമയെയും അട്ടക്കുളങ്ങര വനിത ജയിലിലും റിമാന്റ് ചെയ്തു. ആഢംബര ജീവിതം നയിക്കാനുള്ള എളുപ്പ വഴിയായാണ് പ്രതികള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടത്.
ഇതിനായി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കുറ്റവാളികളായ കുടുംബം പദ്ധതിയും തയ്യാറാക്കിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ പേര്‍ കേസിലെ മൂന്നാം പ്രതിയായ അനുപമയെ പിന്തുടരുന്നുണ്ടായിരുന്നു.