പാര്‍ട്ടി ഫണ്ട് തിരിമറി; പരാതിക്കാരന് എതിരെ നടപടി എടുത്തതില്‍ പയ്യന്നൂര്‍ സി.പി.എമ്മില്‍ ഭിന്നത രൂക്ഷം

പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് തിരിമറിയില്‍ പരാതിക്കാരന് എതിരെ നടപടിയെടുത്ത സംഭവത്തില്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷം. നേതാക്കള്‍ക്കെതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ ചുമതലയില്‍ നിന്നും മാറ്റിയതിനെ തുടര്‍ന്നാണ് പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ഉയര്‍ന്നത്. നടപടി അംഗീകരിക്കില്ലെന്നും സംഭവത്തില്‍ ജില്ലാ നേതൃത്വത്തിന് പരാതി നല്‍കുമെന്നുമാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

വി കുഞ്ഞിക്കൃഷ്ണനെ ചുമതലയില്‍ നിന്നും മാറ്റിയതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലൂടെയും പ്രതിഷേധം നടത്തുന്നുണ്ട്. ചുമതലയില്‍ നിന്നും മാറ്റിയതോടെ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി വി.കുഞ്ഞികൃഷ്ണന്‍ അറിയിച്ചു. പരാതിയുമായി പോകാന്‍ താല്‍പര്യമില്ലന്നാണ് അദ്ദേഹത്തിന്റെ നിലപാട്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫണ്ട്, ഏരിയ കമ്മറ്റി ഓഫീസ് കെട്ടിട നിര്‍മ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തി എന്നാണ് നേതാക്കള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണം.

ടി.ഐ മധുസൂദനന്‍ എംഎല്‍എ അടക്കമുള്ളവര്‍ ഒരു കോടിയിലധികം രൂപയുടെ തിരിമറി നടത്തിയെന്നായിരുന്നു കുഞ്ഞിക്കൃഷ്ണന്റെ പരാതി. രേഖകള്‍ സഹിതം നല്‍കിയ പരാതിയില്‍ ആദ്യം നടപടി എടുക്കാന്‍ ജില്ലാ നേതൃത്വം മടിച്ചു. പിന്നാലെ കുഞ്ഞികൃഷ്ണന്‍ സംസ്ഥാന നേതൃത്വത്തെ സമീപിക്കുകയും പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു.

അന്വേഷണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ടിഐ മധുസൂധനന്‍ എംഎല്‍എയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തി. സ്ഥാനാര്‍ത്ഥി എന്ന നിലയിലും പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം എന്ന നിലയിലും ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്ന കാരണത്തിലാണ് മധുസൂദനന്‍ എംഎല്‍എക്കെതിരെ നടപടി എടുത്തത്. എംഎല്‍എക്കൊപ്പം രണ്ട് ഏരിയ കമ്മറ്റി അംഗങ്ങള്‍ക്കെതിരെയും അച്ചടക്ക നടപടിയെടുത്തു.

Read more

കെകെ ഗംഗാധരന്‍, ടി വിശ്വനാഥന്‍ എന്നിവരെയാണ് കീഴ്ക്കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്. നേതാക്കള്‍ക്കെതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ ചുമതലയില്‍ നിന്നും മാറ്റി പകരം സംസ്ഥാന കമ്മറ്റി അംഗം ടിവി രാജേഷിന് ചുമതല നല്‍കുകയും ചെയ്തു.