പത്തനംതിട്ട പീഡനക്കേസ് അന്വേഷണം കല്ലമ്പലത്തേക്കും; വിദേശത്തുള്ള പ്രതികള്‍ക്ക് റെഡ് കോര്‍ണര്‍ നോട്ടീസ്

പത്തനംതിട്ടയില്‍ 58 പേര്‍ പ്രതിപ്പട്ടികയിലുള്ള പീഡനക്കേസില്‍ ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. അടൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഡിഐജി അജിത ബീഗത്തിനാണ് കേസിന്റെ അന്വേഷണ ചുമതല. 62 പേര്‍ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി നല്‍കിയ മൊഴി.

കേസില്‍ 58 പേരെയാണ് പൊലീസ് ഇതുവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതുവരെ കേസില്‍ 44 പ്രതികള്‍ പിടിയിലായിട്ടുണ്ട്. 14 പ്രതികളെ കൂടി ഇനി കസ്റ്റഡിയിലെടുക്കാനുണ്ട്. ഇതില്‍ രണ്ട് പേര്‍ വിദേശത്താണ്. ഇവര്‍ക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ ഇന്നും ഒരു പ്രതി അറസ്റ്റിലായിരുന്നു. പത്തനംതിട്ട ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. നിലവില്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് 30ല്‍ അധികം എഫ്‌ഐആറുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തനംതിട്ട ടൗണ്‍, കോന്നി, റാന്നി, മലയാലപ്പുഴ, പന്തളം സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസ് തുടരന്വേഷണത്തിനായി തിരുവനന്തപുരം കല്ലമ്പലം പൊലീസിന് കൈമാറിയിട്ടുണ്ട്. കേസില്‍ ഇതുവരെ 58 പ്രതികളെ പൊലീസ് കണ്ടെത്തി. എന്നാല്‍ ബാക്കി നാലുപേര്‍ക്കെതിരെ വ്യക്തമായ വിവരങ്ങള്‍ കിട്ടിയില്ലെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം പെണ്‍കുട്ടിയ്ക്ക് ആവശ്യമായ വൈദ്യ സഹായം നല്‍കുന്നുണ്ട്. ആശ്വാസ നിധിയില്‍ നിന്ന് സഹായധനം അനുവദിക്കാന്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.