പി.എഫ് അക്കൗണ്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമീപിച്ച അധ്യാപികയോട് ലൈംഗികമായി വഴങ്ങണമെന്ന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കേരള എയ്ഡഡ് സ്‌കൂള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസറായ കണ്ണൂര്‍ സ്വദേശി ആര്‍. വിനോയ് ചന്ദ്രനെ (41)യാണ് വിജിലന്‍സ് സംഘം പിടികൂടിയത്.
അധ്യാപികയെ ലൈംഗിക ചൂഷണം ചെയ്യണമെന്ന ഉദ്ദേശത്തോടെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയ വിനോയിയെ കോട്ടയത്ത് ഹോട്ടലില്‍ നിന്ന തന്നെ പിടികൂടുകയായിരുന്നു. അധ്യാപികയ്ക്ക് നഗന ചിത്രങ്ങളും, അശ്ലീല സന്ദേശങ്ങളും ഇയാള്‍ അയച്ചതായി കണ്ടെത്തിയിരുന്നു. കാസര്‍കോട് ഡി.ഡി.ഇ. ഓഫീസിലെ ഉദ്യോഗസ്ഥനും, എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ കൗണ്‍സില്‍ അംഗവുമാണ് പ്രതി.
കോട്ടയം സ്വദേശിയായ അധ്യാപികയുടെ പി.എഫ് അക്കൗണ്ട് 2018 മുതല്‍ അപ്‌ഡേറ്റ് ചെയ്തിരുന്നില്ല. ഈ ആവശ്യത്തിനായി വിനോയിയെ സമീപിച്ചപ്പോള്‍ തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ എന്ന് രീതിയിലാണ് സംസാരിച്ചത്. തുടര്‍ന്ന് ഇയാള്‍ കോട്ടയത്ത് എത്തി ഹോട്ടലില്‍ മുറിയെടുത്ത ശേഷം അധ്യാപികയെ വിളിച്ച് വരുത്തുകയായിരുന്നു.
വരുമ്പോള്‍ പുതിയൊരു ഷര്‍ട്ട് വാങ്ങി മുറിയിലേക്ക് വരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഉദ്ദേശം മനസ്സിലാക്കിയ അധ്യാപിക വിജിലന്‍സിനെ വിവരം അറിയിച്ചു. പരാതി ലഭിച്ചതോടെ വിജിലന്‍സ് സംഘം നല്‍കിയ നിര്‍ദ്ദേശ പ്രകാരം അവര്‍ നല്‍കിയ ഷര്‍ട്ടുമായി അധ്യാപിക ഹോട്ടലില്‍ എത്തി. പിന്നാലെ വിജിലന്‍സ് സംഘമെത്തി ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു.
Read more
ഉദ്യോഗസ്ഥന്റെ ഫോണും സംഘം പിടിച്ചെടുത്തു. അധികാരമുപയോഗിച്ച് ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയതിന് വിജിലന്‍സ് കേസെടുത്തിട്ടുണ്ട്.