എംകെ സ്റ്റാലിനുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തുന്നു; മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ചയായേക്കുമെന്ന് സൂചന

കേരള സന്ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് എംകെ സ്റ്റാലിന്‍ കേരളത്തിലെത്തിയത്. എംകെ സ്റ്റാലിന്‍ താമസിക്കുന്ന കുമരകത്തെ സ്വകാര്യ ഹോട്ടലിലെത്തിയാണ് സന്ദര്‍ശനം.

കൂടിക്കാഴ്ച ഔദ്യോഗികമല്ല. എന്നാല്‍ കൂടിക്കാഴ്ചയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തെ കുറിച്ച് ചര്‍ച്ച നടത്തുമെന്ന് നേരത്തെ എംകെ സ്റ്റാലിന്‍ പറഞ്ഞിരുന്നു. തമിഴ്‌നാട് നിയമസഭയിലാണ് ഇക്കാര്യം എംകെ സ്റ്റാലിന്‍ അറിയിച്ചിരുന്നത്. കേരളത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി മുല്ലപ്പെരിയാര്‍ ഡാമിന്റെ അറ്റകുറ്റപണികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നായിരുന്നു സ്റ്റാലിന്‍ പറഞ്ഞത്.

കൂടിക്കാഴ്ച അതീവ പ്രാധാന്യമുള്ളതാണെന്നാണ് വിലയിരുത്തല്‍. തന്തൈ പെരിയാര്‍ സ്മാരക ഉദ്ഘാടനത്തിനും വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന ആഘോഷത്തിനുമാണ് സ്റ്റാലിന്‍ കേരളത്തില്‍ എത്തിയത്.