ജി23യുടെ ലക്ഷ്യങ്ങൾക്ക് കടകവിരുദ്ധമാണ് കപിൽ സിബലിന്റെ നടപടി; പി.ജെ കുര്യൻ

ജി23യുടെ ലക്ഷ്യങ്ങൾക്ക്  കടകവിരുദ്ധമാണ് കപിൽ സിബലിന്റെ നടപടിയെന്ന് കോൺഗ്രസ് നേതാവ് പിജെ കുര്യൻ. ജി23യുടെ ലക്ഷ്യം കോൺഗ്രസിനെ ക്ഷീണിപ്പിക്കുക എന്നതല്ല, ശക്തിപ്പെടുത്തുക എന്നതാണ്. എന്നാൽ കപിൽ സിബൽ ഇപ്പോൾ ചെയ്യുന്നത് കോൺഗ്രസിനെ ക്ഷീണിപ്പിക്കുന്ന നടപടിയാണെന്നും. അതിനോട് യോജിക്കാൻ പറ്റില്ല.

കപിൽ സിബലിന്റെ നടപടി വിശദീകരിക്കേണ്ടത് അദ്ദേഹമാണ് അതുകൊണ്ട് ജി23യുടെ നിലപാടിന് വിരുദ്ധമാണതെന്നും. പിജെ കുര്യൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
ഉത്തർപ്രദേശിൽ നിന്നും രാജ്യസഭയിലേക്ക് സമാജ്‌വാദി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചതിന് പിന്നാലെ മെയ് 16 നാണ് താൻ കോൺഗ്രസിൽ നിന്നും രാജി സമർപ്പിച്ചിരുന്നതായി കപിൽ സിബൽ വ്യക്തമാക്കിയത്

നേരത്തേയും സമാജ്വാദി പിന്തുണയിലായിരുന്നു ഉത്തർപ്രദേശിൽ നിന്നും കപിൽ സിബൽ രാജ്യസഭയിൽ എത്തിയത്. കോൺഗ്രസിൽ തിരുത്തൽ ആവശ്യപ്പെട്ട ജി 23 ഗ്രൂപ്പിന് നേതൃത്വം കൊടുത്തത് കപിൽ സിബലായിരുന്നു. കോൺഗ്രസിലെ കുടുംബാധിപത്യത്തിനെതിരെ തുടർച്ചയായി അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു.

കപിൽ സിബൽ എസ്പിയിൽ ചേർന്നിട്ടില്ലെന്നാണ് അദ്ദേഹവും അഖിലേഷ് യാദവും നൽകുന്ന സൂചന. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പത്രിക സമർപ്പിച്ചതെന്നും തനിക്ക് എല്ലാകാലത്തും സ്വതന്ത്ര ശബ്ദമായി ഇരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പ്രതികരിച്ചു. നേരത്തെ, ഉദയ്പൂർ ചിന്തൻ ശിബിരത്തിൽ അദ്ദേഹത്തിന്റെ അസാന്നിധ്യം ചർച്ചയായി മാറിയിരുന്നു.