പ്ലസ് വണ്‍ പ്രവേശനം; കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയാകുമെന്ന് വി ശിവന്‍കുട്ടി

പ്ലസ് വണ്‍ പ്രവേശനത്തിന് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയാകുന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കനത്തമഴയെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍മാര്‍ അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം കൂടുതലുള്ളതിനാലും അപേക്ഷകര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് ഈ നിര്‍ദ്ദേശമെന്ന് മന്ത്രി വ്യക്തമാക്കി.

സിബിഎസ്ഇ സ്ട്രീമില്‍ ഉള്ളവര്‍ സ്വയം സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫീസറുടെ അറ്റസ്റ്റേഷനോട് കൂടി നല്‍കിയാല്‍ മതിയാകും. വിടുതല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കാവുന്നതാണ്. പിന്നീട് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതേസമയം സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അധിക ഫീസ് ഈടാക്കുന്ന സ്‌കൂളുകള്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അലോട്ട്മെന്റ് ലെറ്ററില്‍ പറഞ്ഞിരിക്കുന്നതില്‍ കൂടുതല്‍ ഫീസോ ഫണ്ടോ ഈടാക്കുന്ന സ്‌കൂള്‍ അധകൃതര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.ഫീസ് ഇടപാടുകള്‍ സംബന്ധിച്ച് പരിശോധന നടത്താന്‍ പ്രത്യേക സ്‌കാഡുകളും രൂപീകരിച്ചു. ജില്ലാ തലത്തിലാണ് സ്‌കാഡുകള്‍ രൂപീകരിച്ചത്.

Read more

ഓഗസ്റ്റ് അഞ്ചിനാണ് ആദ്യഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. ആദ്യ ഘട്ട അലോട്ട്മെന്റിലെ പ്രവേശനം ആഗസ്റ്റ് 10ന് വൈകിട്ട് അഞ്ചിന് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ട അലോട്ടമെന്റ് 15ന് പ്രസിദ്ധീകരിക്കും. 16, 17 തിയതികളില്‍ പ്രവേശന നടപടികള്‍ നടക്കും. മൂന്നാം അലോട്ട്മെന്റ് ഈ മാസം 22നും പ്രസിദ്ധീകരിക്കും. പ്രവേശനം 24ന് പൂര്‍ത്തീകരിച്ച് ഒന്നാം വര്‍ഷ ക്ലാസുകള്‍ 25ന് ആരംഭിക്കും.