പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക.
നിലവില്‍ കൂട്ടിക്കല്‍ ജയചന്ദ്രൻ്റെ അറസ്റ്റിന് സുപ്രീം കോടതിയുടെ വിലക്കുണ്ട്. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണവുമായി സഹകരിക്കണമെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന് നല്‍കിയ സുപ്രീംകോടതി നേരത്തെ നല്‍കിയ നിര്‍ദ്ദേശം. പോക്സോ നിയമത്തെ ദുരുപയോഗം ചെയ്ത കേസാണിതെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. കൂട്ടിക്കല്‍ ജയചന്ദ്രൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
ഇതിനെതിരെയാണ് മുന്‍കൂര്‍ ജാമ്യം തേടി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. 2024 ജൂണിലാണ് കോഴിക്കോട് കസബ പൊലീസ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.
കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇതിനിടെ പ്രതി കോഴിക്കോട് പോക്‌സോ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ അപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളി. തുടര്‍ന്നാണ് അപ്പീലുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രിംകോടതിയെ സമീപിച്ചത്.