ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ പ്രതികളായ റോയ് വയലാട്ട്, സൈജു തങ്കച്ചന്‍, അഞ്ജലി റീമാദേവ് എന്നിവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭീഷണിപ്പെടുത്തി പണം തട്ടാനാണ് പരാതിക്കാരുടെ ശ്രമമെന്നും പരാതിക്കാരുമായി മുന്‍പരിചയം ഇല്ലെന്നുമാണ് പോട്ടലുടമയായ റോയ് വയലാട്ട് ഹര്‍ജിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി പരാതിക്കാരുടെ രഹസ്യ മൊഴി പരിഗണിച്ച ശേഷം വാദം തുടരുമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
പരാതി നല്‍കിയത് മൂന്ന് മാസം കഴിഞ്ഞാണെന്നും അതിനാല്‍ പോക്‌സോ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും റോയ് വയലാട്ട് കോടതിയില്‍ പറഞ്ഞിരുന്നു. മോഡലുകളുടെ മരണത്തിന്റെ പേരില്‍ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്നാണ് പ്രതികള്‍ ആരോപിക്കുന്നത്. ഇന്ന് ജാമ്യ ഹര്‍ജി തള്ളിയാല്‍ അന്വേഷണ സംഘം അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങിയേക്കും.
കേസ് അന്വേഷണവുമായി പ്രതികള്‍ സഹകരിക്കുന്നില്ലെന്നും, മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂണല്‍ കോടതിയില്‍ അറിയിച്ചിരുന്നു. പ്രതികള്‍ക്കെതിരെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ സംഘം ശേഖരിച്ചിട്ടുണ്ട്.
കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച് പരാതി നല്‍കിയത്. 2021 ഒക്ടോബര്‍ 20 ന് നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് മൊഴി. കേസില്‍ പ്രതിയായ അഞ്ജലിയാണ് ജോലി വാഗ്ദാനം നല്‍കി തങ്ങളെ കൊച്ചിയില്‍ എത്തിച്ചത്. ബിസിനസ് മീറ്റ് എന്ന് പറഞ്ഞ് ഹോട്ടലിലേക്ക് കൊണ്ടു പോയെന്നും വഞ്ചിക്കപ്പെടുകയാണ് എന്ന് മനസ്സിലായതിനെ തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നും മൊഴിയില്‍ പറയുന്നു.
Read more
യുവതിയെയും മകളെയും റോയി ഉപദ്രവിച്ചുവെന്നും ഇത് മറ്റുള്ളവര്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു എന്നുമാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്ത് പിന്നീട് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കേസ് കൈമാറുകയായിരുന്നു.