സൈബര്‍ ആക്രമണം: പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

നടി പാര്‍വതിയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിന് ഒരാളെ അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സൈബര്‍ ആക്രമണത്തിനെതിരെ പാര്‍വതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നതായും മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്നുമാണ് പാര്‍വതിയുടെ പരാതി.ഐഎഫ്എഫ്‌കെ വേദിയില്‍ മമ്മൂട്ടി ചിത്രമായ “കസബ”യെക്കുറിച്ചുള്ള പരാമര്‍ശത്തിന് ശേഷമാണ് നടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. ചിത്രത്തിലെ സംഭാഷണങ്ങള്‍ പലതും സ്ത്രീ വിരുദ്ധമാണെന്ന ആരോപണമാണ് വേദിയില്‍ പാര്‍വതി ഉന്നയിച്ചത്.

Read more

നിര്‍ഭാഗ്യവശാല്‍ ആ പടം കാണേണ്ടി വന്നു, അതൊരു സിനിമയാണെന്നു പോലും ഞാന്‍ പറയുന്നില്ലെന്നുമാണ് പാര്‍വതി സിനിമയെ കുറിച്ച് പറഞ്ഞത്. ആദ്യം സിനിമയുടെ പേര് പറഞ്ഞില്ലെങ്കിലും പിന്നീട് ഒപ്പമുണ്ടായിരുന്ന നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധ പ്രകാരമാണ് പേര് പറഞ്ഞത്. പാര്‍വ്വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമ മേഖലയില്‍ നിന്ന് തന്നെയുള്ള നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.