യതീഷ് ചന്ദ്ര ഏത്തമിടീച്ചത് തെറ്റ്, പൊറുക്കണമെന്ന് പൊലീസ്

കണ്ണൂരില്‍ കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചവരെ കൊണ്ട് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവത്തില്‍ വീഴ്ച അംഗീകരിച്ച് പൊലീസ്. നടപടി തെറ്റായി പോയെന്നും, പൊറുക്കണമെന്നും പൊലീസ് മനുഷ്യാവകാശ കമ്മീഷനോട് അപേക്ഷിച്ചു.

ഏത്തമിടീച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി ക്ഷമാപണം നടത്തിയത്.

നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ രോഗവ്യാപനം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഏത്തമിടീക്കല്‍ സദുദ്ദേശത്തോടെ ചെയ്തതാണ്. എന്നാല്‍ നടപടി തെറ്റായിപ്പോയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

2020 മാര്‍ച്ച് 22നായിരുന്നു അന്നത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്ര വളപട്ടണത്ത് തയ്യല്‍ക്കടയ്ക്ക് അടുത്ത് നിന്നവരെ കൊണ്ട് ഏത്തമിടീച്ചത്. നിയമലംഘനം കണ്ടെത്തിയാല്‍ നിയമം അനുസരിച്ചുള്ള നടപടി സ്വീകരിച്ചാല്‍ മതിയെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ഉത്തരവില്‍ അറിയിച്ചത്. മറ്റു നടപടികള്‍ സ്വീകരിക്കാന്‍ കോടതികളുണ്ട്.

കോവിഡ് വ്യാപനം തടയുന്നതില്‍ പൊലീസിന്റെ സേവനം അഭിനന്ദനാര്‍ഹമായിരുന്നു. എന്നാല്‍ നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ അക്രമം നടത്തുന്നതും ശിക്ഷ നടപ്പാക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.