മൂവാറ്റുപുഴ റോഡിലെ ഗര്‍ത്തം മൂടുന്നു, ഗതാഗതം വൈകിട്ടോടെ പുനഃസ്ഥാപിക്കും

മഴ ശക്തമായ മഴയ്ക്ക് പിന്നാലെ ഗര്‍ത്തം രൂപപ്പെട്ട മൂവാറ്റുപുഴ പാലം അപ്രോച്ച് റോഡ് വൈകിട്ടോടെ ഗതാഗത യോഗ്യമാക്കും. ഗര്‍ത്തം കോണ്‍ക്രീറ്റും മെറ്റലും ഉപയോഗിച്ച് മൂടുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.

ഗതാഗതം വൈകിട്ടോടെ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ അറിയിച്ചു. നിലവില്‍ ഗര്‍ത്തമുണ്ടായ അപ്രോച്ച് റോഡിലൂടെ ഗതാഗതമില്ല. വാഹനങ്ങള്‍ വഴി തിരിച്ച് വിടുകയാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നഗരത്തിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

പെരുമ്പാവൂര്‍ സൈഡില്‍ നിന്നും എംസി റോഡിലൂടെ കോട്ടയം, തൊടുപുഴ മേഖലയിലേക്ക് പോകേണ്ടവര്‍ക്ക് നെഹ്രു പാര്‍ക്കില്‍ നിന്നും കോതമംഗലം റോഡില്‍ കയറി ചാലിക്കടവ് പാലം കടന്ന് കിഴക്കേക്കര വഴി മുവാറ്റുപുഴ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ എത്തി യാത്ര തുടരാം.

കോട്ടയം സൈഡില്‍ നിന്നും പെരുമ്പാവൂര്‍ക്ക് പോകേണ്ടവര്‍ക്ക് നിലവിലുള്ള എംസി റോഡിലെ ഒരുവരി ഗതാഗതം ഉപയോഗിക്കാം. അല്ലെങ്കില്‍ എംസി റോഡില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മാറാടി പെരുവംമൂഴി, മഴുവന്നൂര്‍ വഴി തൃക്കളത്തൂരില്‍ എത്തി എംസി റോഡില്‍ പ്രവേശിച്ച് യാത്ര തുടരാം. കൊച്ചി വിമാനത്താവളത്തിലേക്ക് പോകേണ്ടവര്‍ക്കും ഈ വഴി ഉപയോഗിക്കാം.

Read more

തൊടുപുഴ മേഖലയില്‍ നിന്നും പെരുമ്പാവൂര്‍, എറണാകുളം മേഖലയിലേക്ക് പോകേണ്ടവര്‍ക്ക് ആനിക്കാട് വഴി ചാലിക്കടവ് പാലം കടന്ന് മുവാറ്റുപുഴ നെഹ്‌റു പാര്‍ക്ക് വഴി യാത്ര തുടരാം.