റോഡുകളിലെ കുഴിയടയ്ക്കല്‍; ശരിയായ രീതിയിലല്ല നടക്കുന്നത്, കരാർ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

ദേശീയപാതയിലെ കുഴിയടയ്ക്കല്‍ ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിതാ വി കുമാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അറ്റകുറ്റ പണികള്‍ കാര്യക്ഷമമല്ല. കരാറുകമ്പനിക്ക് ആവശ്യമായ ജോലിക്കാരില്ല. റോഡ് നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും ആവശ്യമായ ഉപകരണങ്ങളില്ലെന്നും കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

താല്‍കാലിക കുഴി അടയ്ക്കലിനായി ഇപ്പോള്‍ ഉപയോഗിക്കുന്ന കോള്‍ഡ് മിക്‌സ് ഫലപ്രദമല്ല. തൃശൂര്‍ – മണ്ണുത്തി ദേശീയ പാതയുടെ കരാര്‍ ഏറ്റെടുത്ത ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയെ കരിമ്പട്ടകയില്‍പെടുത്തണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ പാത അതോറിറ്റിക്ക് കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 48 മണിക്കൂറിനുള്ള കുഴികള്‍ കൃത്യമായി അടക്കണമെന്നാണ് നിര്‍ദ്ദേശം. അല്ലെങ്കില്‍ അധികൃതര്‍ നോട്ടീസിന് മറുപടി നല്‍കണം.

ദേശീയപാതയിലെ റോഡുകളില്‍ കുഴിയടക്കല്‍ നടക്കുന്നത് ശരിയായ രീതിയിലാണോ എന്ന് കളക്ടര്‍മാര്‍ ഉറപ്പാക്കണമെന്ന് ഇന്നലെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ അറ്റകുറ്റപ്പണി തൃശൂര്‍, എറണാകുളം കളക്ടര്‍മാര്‍ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കളക്ടര്‍ പരിശോധന നടത്തിയത്.

Read more

കുഴിയടയ്ക്കല്‍ അശാസ്ത്രീയമായാണ് നടക്കുന്നത്. പാക്കറ്റുകളില്‍ എത്തിക്കുന്ന മിക്സ് കുഴികളില്‍ നിറക്കുകയാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കോടതി പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.