പോക്സോ കേസ്: റോയ് വയലാറ്റിനും അഞ്ജലിക്കും എതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഡിസിപി

പോക്‌സോ കേസില്‍ ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിനും അഞ്ജലിക്കും എതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് കൊച്ചി ഡിസിപി
വി.യു കുര്യാക്കോസ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ വേറെ ആരും പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. മോഡലുകളുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യത്തോട് എതിര്‍പ്പ് ഇല്ലെന്നും ഡിസിപി വ്യക്തമാക്കി.

വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ റോയ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായിരുന്നില്ല. കോവിഡ് ആണെന്ന് പറഞ്ഞാണ് ഹാജരാകാതിരുന്നത്. ഈ വിഷയത്തില്‍ ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.

പോക്‌സോ കേസില്‍ പരാതിക്കാരിക്ക് എതിരെ അഞ്ജലി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടലില്‍ എത്തിച്ചത് അഞ്ജലി ആണെന്ന് കോഴിക്കോട് സ്വദേശിനി മൊഴി നല്‍കിയിരുന്നു. എന്നാല്‍ പരാതിക്കാരി ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് തനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കുകയാണ് എന്നും പണത്തിന്റെ കാര്യത്തിലുള്ള തര്‍ക്കമാണ് പരാതിക്ക് കാരണമെന്നും അഞ്ജലി ഫെയ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചിരുന്നു.

നമ്പര്‍ 18 ഹോട്ടലില്‍ എത്തിയ അമ്മയെയും മകളെയും റോയി വയലാറ്റ് ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച് കോഴിക്കോട് സ്വദേശിനിയാണ് പരാതി നല്‍കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും കോഴിക്കോട് സ്വദേശിയായ അഞ്ജലി വഴിയാണ് ഹോട്ടലിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ഫോര്‍ട്ട്‌കൊച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കൈമാറിയിരുന്നു.