ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം; ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഗോപന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. സ്വാഭാവിക മരണമെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മരിച്ച ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കല്‍ കോളജില്‍ നിന്നും ലഭിക്കുന്ന വിവരം. നിലവില്‍ മൃതദേഹത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.

വിഷം ഉള്ളില്‍ ചെന്നിട്ടില്ലെന്നുമാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. എന്നാല്‍ ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധനകള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. മൃതദേഹത്തില്‍ പരുക്കുകളുണ്ടോ എന്ന് കണ്ടെത്താന്‍ റേഡിയോളജി, എക്‌സ്-റേ പരിശോധന നടത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

വിഷാംശം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്ന് കണ്ടെത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ ശേഖരിക്കും. എന്നാല്‍ പരിശോധനയുടെ ഫലം വരാന്‍ ഒരാഴ്ചയിലേറെ സമയമെടുക്കും. മരിച്ചത് ഗോപന്‍ ആണെന്ന് ഉറപ്പുവരുത്താന്‍ ഡിഎന്‍എ പരിശോധന നടത്തും. മരണം സംഭവിച്ച ശേഷം സമാധി ഇരുത്തിയെന്നതാണ് പ്രാഥമിക നിഗമനത്തില്‍ കണ്ടെത്തിയിട്ടുള്ളത്.