തടവിലാക്കപ്പെടുന്നവരും മനുഷ്യരാണ്; ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ ആരും കേള്‍ക്കാത്ത കഥകളുമായി അലനും താഹയും

സംസ്ഥാനത്തെ ജയിലുകളില്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലെത്തിക്കാന്‍ പുതിയ സംരംഭവുമായി പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അലന്‍ ഷുഹൈബും താഹ ഫസലും. തടവിലാക്കപ്പെട്ട കാലത്തെ സ്വന്തം അനുഭവങ്ങളും ഹനിക്കപ്പെടുന്ന തടവുകാരുടെ അവകാശങ്ങളും ഉള്‍പ്പെടെ മുഖ്യധാര സമൂഹത്തിലെത്തിക്കാനാണ് ഇരുവരുടെയും ശ്രമം.

യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന കാലത്ത് തങ്ങളുടെ കണ്‍മുന്നില്‍ അരങ്ങേറിയ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉള്‍പ്പെടെയാണ് തങ്ങളുടെ ബ്ലോഗിലൂടെ ജയില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ഉദ്ദേശിച്ച് ഇരുവരും പ്രസിദ്ധീകരിക്കാന്‍ തയ്യാറെടുക്കുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച പന്തീരാങ്കാവ് യുഎപിഎ കേസില്‍ തടവിലായതോടെ അലന്റെയും താഹയുടെയും നിയമ പഠനം മുടങ്ങിയിരുന്നു.

തടവുകാരുടെ സാക്ഷ്യങ്ങളും രേഖകളും ഉള്‍പ്പെടെയുള്ള ഇരുവരുടെയും സംരംഭം നിലവിലുള്ള നിയമ നടപടികളും അക്കാദമിക് പ്രതിബദ്ധതകളും കാരണമാണ് ഇത്രയും വൈകിയതെന്ന് അലന്‍ പറഞ്ഞു.

രണ്ടു വര്‍ഷം മുന്‍പ് ജയിലുകളും ജയില്‍ സംവിധാനവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഒരു പഠനം നടത്താന്‍ തങ്ങള്‍ തീരുമാനിച്ചു. നിര്‍ഭാഗ്യവശാല്‍, തങ്ങളുടെ പ്രോജക്ടും അക്കാദമിക് ഉത്തരവാദിത്തങ്ങളും കാരണം തങ്ങളുടെ ഗവേഷണത്തിന് കാലതാമസം നേരിട്ടു.

Read more

എന്നിരുന്നാലും, കേരളത്തിലെ ജയിലുകള്‍ക്കുള്ളിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്ന വിവിധ രേഖകള്‍ തങ്ങള്‍ ഇപ്പോള്‍ ശേഖരിച്ചതായും അലന്‍ കൂട്ടിച്ചേര്‍ത്തു. പ്രിസണ്‍ റൈറ്റ്സ് മോണിറ്ററിംഗ് പ്രോജക്ട് (കേരളം) വഴി ഇരുവരും തങ്ങളുടെ കണ്ടെത്തലുകള്‍ പങ്കുവെക്കാന്‍ തുടങ്ങിയിട്ടുണ്ട്.