സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി; കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസ് നടത്തും

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നടത്തുന്ന പണിമുടക്ക് തുടങ്ങി. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് ഒന്നില്‍ നിന്ന് ആറു രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് 90 പൈസയില്‍ നിന്ന് 1.10 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബസുടമ സംയുക്ത സമിതി നേതൃത്വത്തിലാണ് പണിമുടക്ക്. അതേസമയം തിരുവനന്തപുരം നഗരത്തില്‍ പണിമുടക്ക് ഇല്ല.

എണ്ണായിരത്തോളം ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പണിമുടക്ക് കണക്കിലെടുത്ത് കെഎസ്്ആര്‍ടിസി ബസുകള്‍ ഇന്ന് കൂടുതല്‍ സര്‍വീസ് നടത്തും. കെഎസ്ആര്‍ടിസി ജീവനക്കാര്‍ അവധി റദ്ദാക്കണമെന്ന് മാനേജ്‌മെന്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആശുപത്രി, എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക സര്‍വീസ് ഉണ്ടാവും. സ്വകാര്യ ബസുടമകള്‍ ക്രമസമാധന പ്രശ്‌നം ഉണ്ടാക്കിയാല്‍ പൊലീസ് സഹായം തേടാനും നിര്‍ദ്ദേശം നല്‍കി.

നവംബര്‍ ഒമ്പതിന് പ്രഖ്യാപിച്ച പണിമുടക്ക് മാറ്റിവെക്കുന്നതിലേക്ക് നയിച്ച ചര്‍ച്ചയില്‍ 10 ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്നാണ് മന്ത്രി ഉറപ്പുനല്‍കിയതെങ്കിലും ഇതുവരെ നടപ്പായില്ലെന്നും ഇനി കാത്തിരുന്നും നഷ്ടത്തിലോടിയും കൂടുതല്‍ പ്രതിസന്ധിയിലാകാനില്ലെന്നുമാണ് ബസുടമകളുടെ നിലപാട്. പരീക്ഷക്കാലമായതിനാല്‍ പണിമുടക്കില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും നിരക്ക് വര്‍ധന തത്ത്വത്തില്‍ തീരുമാനിച്ചതാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. എന്നു മുതല്‍ കൂട്ടണമെന്നേ തീരുമാനിക്കാനുള്ളൂ.

ഈ ഘട്ടത്തില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കുന്നതുമായ സമരവുമായി മുന്നോട്ടു പോകണമോയെന്ന് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. 15 ദിവസം മുമ്പ് നോട്ടീസ് നല്‍കിയിട്ടും സര്‍ക്കാര്‍ തീരുമാനമെടുക്കുകയോ ചര്‍ച്ചക്ക് വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് ബസുടമകള്‍ കുറ്റപ്പെടുത്തി.