വയനാട് പുനരധിവാസ പദ്ധതിയില്‍ പ്രതിപക്ഷ എംഎല്‍എമാരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. പദ്ധതി പലപ്രദവും സുതാര്യവുമായി നടപ്പാക്കാന്‍ പ്രതിപക്ഷ എംഎല്‍എമാരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തണമെന്നാണ് സുധാകരന്റെ ആവശ്യം. വാഗ്ദാനങ്ങള്‍ മാത്രം പോരെന്നും അവ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും സമിതിയ്ക്ക് നിരീക്ഷിക്കാന്‍ സാധിക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടിവന്ന അവസാനത്തെ വ്യക്തിക്കും സുരക്ഷിതമായ ജീവിത സാഹചര്യം ഒരുക്കുമ്പോള്‍ മാത്രമാണ് പുനരധിവാസ പ്രക്രിയ പൂര്‍ത്തിയാകുക. ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍, വിദ്യാര്‍ത്ഥികള്‍,വയോധികര്‍ എന്നിവരെയെല്ലാം മുന്നില്‍ കണ്ടുള്ള പുനരധിവാസത്തിന് മാതൃകപരമായ രൂപരേഖ തയ്യാറാക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
ദുരിതാശ്വാസ പദ്ധതിയ്ക്ക് കുറെ വാഗ്ദാനങ്ങള്‍ മാത്രം പോര, അവ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും അതില്‍ ഒരു വിധത്തിലുള്ള വീഴ്ച ഉണ്ടാകുന്നില്ലെന്നും സമിതിക്ക് നിരീക്ഷിക്കാന്‍ കഴിയണം. അതിനാല്‍ പുനരധിവാസത്തിനായി നീക്കിവെയ്ക്കുന്ന തുകയുടെ വിനിയോഗം ദുരിതബാധിര്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
Read more
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന ഭൂമി,പുനഃനിര്‍മ്മിക്കുന്ന വീടുകള്‍ തുടങ്ങിയവ അവര്‍ക്ക് ഉപയോഗപ്രദമായിരിക്കണം.മുന്‍കാലങ്ങളില്‍ പ്രകൃതിക്ഷോഭ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നല്കിയ വീടുകളെയും പുനരധിവസിപ്പിച്ച പ്രദേശത്തെയും സംബന്ധിച്ച് രൂക്ഷമായ ആക്ഷേപം ഉയരുന്ന സ്ഥിതിക്ക് അത്തരം അവസ്ഥ വയനാട് ദുരന്തബാധിര്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും സുധാകരന് പറഞ്ഞു.