ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച എം.മുകേഷ് എംഎല്‍എയ്ക്ക് പിന്തുണയുമായി മിസോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള. സ്വന്തം നാട്ടിലെ എംഎല്‍എ ആരാണെന്ന് ചോദിക്കുമ്പോള്‍ അറിയില്ല എന്ന് പറഞ്ഞാല്‍ ആ കുട്ടിയെ പിടിച്ച് ഉമ്മ വെയ്ക്കുകയാണോ അതോ പ്രോത്സാഹിപ്പിക്കുകയാണോ വേണ്ടതെന്ന് ശ്രീധരന്‍ പിള്ള ചോദിച്ചു. കോഴിക്കോട് ബഷീര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു എംഎല്‍എയെ ഒരു കുട്ടി വിളിച്ചു. വിളിച്ച കുട്ടി ഫോണ്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. വിളിച്ച് പ്രശ്‌നം പറയുന്നതിന് ഫോണ്‍ റെക്കോഡ് ചെയ്യുന്നതിലേക്ക് ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥി മാറുമ്പോള്‍ രാഷ്ട്രീയത്തിനപ്പുറം നമ്മള്‍ ചിന്തിക്കേണ്ട വിഷയമുണ്ട്. സാമൂഹിക ജീവിതത്തില്‍ ഒരു ജനാധിപത്യ വ്യവസ്ഥയില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ എങ്ങോട്ടേക്ക് എന്തിലേക്ക് പോകുന്നുവെന്ന വിഷയം നമ്മള്‍ എല്ലാവരും ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയം അതിന്റെ അന്ധമായ ചട്ടക്കൂടില്‍ മുന്നോട്ട് പോകുമ്പോള്‍ തെറ്റുകള്‍ കുന്നുകൂടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച്ചയാണ് മുകേഷ് എംഎല്‍എയെ ഫോണില്‍ വിളിച്ച കുട്ടിയോട് അദ്ദേഹം അപമര്യാദയായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ത്ഥി സ്വന്തം എംഎല്‍എയെ വിളിക്കാതെ തന്നെ വിളിച്ചതാണ് മുകേഷിനെ പ്രകോപിപ്പിച്ചത്.
Read more
അതേസമയം മുകേഷ് ശകാരിച്ച സംഭവത്തിൽ തനിക്ക് പരാതിയില്ലെന്ന് ഫോൺ വിളിച്ച പത്താംക്ലാസ് വിദ്യാർത്ഥി വിഷ്ണു വ്യക്തമാക്കി. മുകേഷിനെ വിളിച്ചത് കൂട്ടുകാരന് ഫോണ്‍ ലഭിക്കാന്‍ വേണ്ടിയാണെന്നും മുകേഷ് ശകാരിച്ചതിൽ തനിക്ക് സങ്കടം ഇല്ലെന്നും ആറ് തവണ വിളിച്ചപ്പോള്‍ അദ്ദേഹത്തിന് ദേഷ്യം വന്നു കാണുമെന്നും വിഷ്ണു പറഞ്ഞു. ഫോൺ സംഭാഷണം റെക്കോഡ് ചെയ്തത് സിനിമാനടന്‍ ആയതു കൊണ്ടാണെന്നും കൂട്ടുകാരന് മാത്രമാണ് ശബ്ദരേഖ അയച്ചതെന്നും വിഷ്ണു വ്യക്തമാക്കി.