പി.എസ്.സി കോഴ ആരോപണം: അംഗങ്ങളെ നിയമിക്കുന്നത് അഴിമതിയുടെ ഭാഗമായിട്ടല്ലെന്ന് മുഖ്യമന്ത്രി; നടപടിയുണ്ടാകും

കേരളത്തിലെ പിഎസ്‌സി വളരെ പ്രശസ്തമായ രീതിയിൽ കാര്യങ്ങൾ ഭരണഘടന ചുമതലപ്പെടുത്തിയതിനനുസരിച്ച് നിർവഹിച്ച്കൊണ്ടിരിക്കുന്ന ഒരു ഏജൻസി ആണ്. ആ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനുള്ള ഒട്ടേറെ ശ്രമങ്ങൾ നേരത്തെ തന്നെ നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകുന്നുണ്ട്. നിർഭാഗ്യകരമായ ഒരു വശമാണിത്. അത് സാധാരണ ഗതിയിൽ ഉണ്ടാകാൻ പാടില്ലാത്ത ഒന്നാണ്. എന്നാൽ അത്തരം കാര്യങ്ങൾ പലപ്പോഴായി ഉയർന്ന് വന്നിട്ടുണ്ട്.

പിഎസ്‌സി അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതോ അവരെ നിയമിക്കുന്നതോ ഏതെങ്കിലും രീതിയിലുള്ള അഴിമതിയുടെ ഭാഗമായിട്ടാണെന്ന് ആർക്കും പറയാൻ കഴിയുന്നതല്ല. അതുകൊണ്ട് തന്നെ പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള വഴിവിട്ട രീതികളും ഉണ്ടാകാറില്ല. തട്ടിപ്പുകൾ പലതരത്തിൽ നടക്കുന്നുണ്ട്. ഏതെല്ലാം തട്ടിപ്പുകൾക്ക് വേണ്ടി ആളുകൾ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായുള്ള നടപടികൾ സ്വാഭാവികമായി ഉണ്ടാകുമെന്നാണ് കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം ഏരിയാ കമ്മിറ്റിയംഗം 60 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടെന്ന പരാതിയിൽ പി അബ്ദുൾ ഹമീദ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 22 ലക്ഷം രൂപ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഏരിയാ കമ്മിറ്റിയംഗം വാങ്ങിയെന്നാണ് പാർട്ടിക്ക് നൽകിയ പരാതിയിൽ പറയുന്നത്. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടത്തിയത്. അതേസമയം തന്റെ പേരിൽ നടന്ന കോഴ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് റിയാസ് പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്.

Read more