കോൺഗ്രസിലേക്കെന്ന ഭ്യൂഹങ്ങൾ ശക്തമാകുമ്പോൾ പാണക്കാടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളെ സന്ദർശിച്ച് പിവി അൻവർ എംഎൽഎ. അൻവറിനെ കണ്ടുവെന്നും മറ്റു കാര്യങ്ങൾ യുഡിഎഫ് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. അതേസമയം പാണക്കാട് എല്ലാരുടെയും അത്താണിയാണെന്ന് പി വി അൻവറും പ്രതികരിച്ചു.
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ശേഷമാണ് പി വി അൻവറിൻ്റെ പാണക്കാട് സന്ദർശനം. ഉച്ചക്ക് 12മണിയോടെയാണ് അൻവർ പാണക്കാടെത്തിയത്. അൻവർ ഉയർത്തുന്ന പ്രശ്നങ്ങളിൽ യുഡിഫിനു അഭിപ്രാവ്യത്യാസമില്ലെന്നും യുഡിഫിന് ഇനി അധികാരത്തിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ലെന്നും പി വി അൻവറുമായുള്ള സന്ദർശന ശേഷം സാദിഖലി തങ്ങൾ പറഞ്ഞു.
ജയിക്കാൻ രാഷ്ട്രീയമായ എല്ലാ വഴികളും തേടുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. അതേസമയം പാണക്കാട് എല്ലാരുടെയും അത്താണിയാണെന്നാണ് അൻവർ പ്രതികരിച്ചത്. മലയോര മേഖലയുടെ പ്രശ്നങ്ങളിൽ പിന്തുണ അറിയിച്ചുവെന്നും യുഡിഎഫ് പ്രവേശനത്തെ കുറിച്ച് സ്വാഭാവികമായും അവർ ചർച്ച ചെയ്യുമെന്നും പി വി അൻവർ പറഞ്ഞു. അടുത്ത തവണ ജയിക്കുക എന്നതിലുപരി പിണറായിയെ തോൽപ്പിക്കുക എന്നതിലാണ് കാര്യം. വരും ദിവസങ്ങളിൽ മറ്റു കോൺഗ്രസ് മത നേതാക്കളെയും കാണുമെന്നും ചർച്ചയിൽ പൂർണ്ണ തൃപ്തനാണെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.