കെ റെയില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ കോണ്‍ഗ്രസിന്റെ കുറ്റി പറിക്കലിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി എം.എം.മണി. കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോണ്‍ഗ്രസിന്റെ കുറ്റി ഉടന്‍ തന്നെ ജനങ്ങള്‍ പിഴുതെറിയുമെന്ന് മണി പറഞ്ഞു. 2025 ലും കാളവണ്ടി യുഗത്തില്‍ ജീവിക്കണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയാറാക്കിയ അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് എം.എം. മണി പറഞ്ഞു.
പദ്ധതിക്കെതിരായ പ്രതിപക്ഷത്തിന്റെ ന്യായങ്ങള്‍ വിചിത്രമാണെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇപ്പോ പറ്റില്ല എന്നാണ് പറയുന്നത്, പിന്നെ എപ്പോഴാണ് നടക്കുക? ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സ്വാഭാവികമാണ്. വിഷമിപ്പിക്കാനല്ല സര്‍ക്കാര്‍ തീരുമാനം, ഗ്രാമങ്ങളില്‍ നാലിരിട്ടിയാണ് നഷ്ടപരിഹാരം.
ആരെയും വഴിയാധാരമാക്കാനല്ല സര്‍ക്കാര്‍ നില്‍ക്കുന്നത്. ഇന്നുളളവരുടെ നാളെയല്ല, നമ്മുടെ കുഞ്ഞുങ്ങളുടെ നാളേയ്ക്ക് വേണ്ടിയാണിത്.
തെറ്റായ എതിര്‍പ്പുകള്‍ക്ക് വഴങ്ങണോ എന്ന് ചോദിച്ചാല്‍ വേണ്ടെന്ന് ജനം പറയും. ഒരു പിപ്പിടിവിദ്യയും ഇങ്ങോട്ട് കാണിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരെയുള്ള സമരത്തില്‍ പിന്നോട്ടേക്കില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്. ജയിലില്‍ പോകാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തയ്യാറാണ്. കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്നും സാധാരണക്കാരെ ജയിലിലേക്ക് വിടില്ലെന്നുമാണ് സതീശന്‍ പറഞ്ഞത്.
Read more
അതേസമയം പ്രതിഷേധങ്ങള്‍ക്കിടയിലും സര്‍വേ കല്ലിടല്‍ നടപടികള്‍ ഇന്നും തുടരും. സര്‍വേ തടയുമെന്നും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്.