പാര്‍ട്ടിയില്‍ ഇല്ലാത്ത് ആളുകള്‍ക്ക് അംഗത്വം നല്‍കേണ്ട ആവശ്യമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് വേണ്ടവര്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ പാര്‍ട്ടി പരിശോധിക്കും. ആരുടേയും അംഗത്വം തടഞ്ഞിട്ടില്ല. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്താത്തവര്‍ക്ക് അംഗത്വം നല്‍കും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം എന്നും മന്തി വ്യക്തമാക്കി.
ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് എ.പി അബ്ദുല്‍ വഹാബ് ഐ.എന്‍.എല്‍ സമാന്തരയോഗം നടത്തിയ സംഭവത്തില്‍ മന്ത്രി ഇന്നലെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.പാര്‍ട്ടി നിലപാടിനും ഭരണഘടനയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കും. യോഗത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും ഇന്നലെ അറിയിച്ചിരുന്നു.
സമാന്തര യോഗം വിളിച്ചത് അച്ചടക്ക ലംഘനമാണ്. 24 പേര്‍ മാത്രമാണ് പങ്കെടുത്തത്. മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ നീക്കുമെന്ന് പറയുന്നത് അതിമോഹമാണെന്നും എല്‍.ഡി.എഫിന്റെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും ദേവര്‍കോവില്‍ പറഞ്ഞു.
ദേവര്‍കോവിലിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം ഇടതുമുന്നണിക്ക് മുന്നില്‍ ഉന്നയിക്കാനാണ് വഹാബ് പക്ഷത്തിന്റെ തീരുമാനം. ഇക്കാര്യം വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയെയും ഇടതുമുന്നണി നേതൃത്വത്തെയും കാണും. വഹാബ് പക്ഷത്തെ പുറത്താക്കാനാണ് മറു പക്ഷത്തിന്റെ നീക്കം. എന്നാല്‍ ഒറ്റ പാര്‍ട്ടിയായി തുടര്‍ന്നാല്‍ മാത്രമേ ഐ.എന്‍.എല്‍ മുന്നണിയില്‍ ഉണ്ടാകു എന്ന് നേരത്തെ എല്‍.ഡി.എഫ് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Read more
അതേസമയം സമാന്തര യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എ.പി അബ്ദുല്‍ വഹാബ് , സി. സി നാസര്‍ കോയ എന്നിവരടക്കമുള്ളവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.