'ഐസക് സാറെ, ലേശം ചോറ് കൂടി': എൻ.ഡി.എ കൺവീനറുടെ വീട്ടിലെ അത്താഴവിരുന്ന്, പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തിൽ

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എൻഡിഎ വൈപ്പിൻ നിയോജകമണ്ഡലം കൺവീനർ രഞ്ജിത്ത് രാജ്‌വിയുടെ വീട്ടിൽ നടന്ന അത്താഴ വിരുന്നിൽ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കും, എൽ ഡി എഫ് സ്ഥാനാർത്ഥി കെ എൻ ഉണ്ണികൃഷ്ണനും, സി പി എമ്മിന്റെ ഏരിയാ കമ്മിറ്റിയംഗങ്ങളും പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വോട്ട് കച്ചവടം ആരോപിച്ച് യു ഡി എഫ് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിൽ. കേരളത്തിലും അത്താഴ വിരുന്നുകൾ കൂടുകയാണ്… കഴിക്കുന്നത് സി.പി.എം ആണെങ്കിലും, വിശപ്പ് അടങ്ങുന്നത് ബി.ജെ.പിയുടേതാണ് എന്ന് രാഹുല്‍ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

തിരഞ്ഞെടുപ്പ് കാലത്ത്, വൈപ്പിനിലെ NDA കൺവീനറുടെ വീട്ടിൽ മുതിർന്ന CPIM നേതാവ് ശ്രീ തോമസ് ഐസക്ക് അത്താഴത്തിനെത്തിയ വാർത്ത കണ്ടു. ഇത്തരം “ഒത്തുകൂടലുകൾ” മുൻപ് ഡൽഹിയിലുമുണ്ടായിട്ടുണ്ട്, അന്നതിൻ്റെ ഭാഗമായത് ശ്രീ A B വാജ്പെയിയും, ശ്രീ L K അദ്വാനിയും, സഖാവ് ജ്യോതി ബസുവും, സഖാവ് EMS നമ്പൂതിരിപ്പാടും, സഖാവ് C രാജേശ്വര റാവുവുമൊക്കെ ആയിരുന്നു.

അത്തരം കൂടിച്ചേരലുകൾ കൊണ്ട് BJP യുടെ സ്വീകാര്യത “പിന്നോക്ക സമുദായങ്ങളിൽ” വർദ്ധിപ്പിച്ചുവെന്ന് ഗോവിന്ദാചാര്യ തന്നെ സാക്ഷിപ്പെടുത്തിയിട്ടുണ്ട്..

കേരളത്തിലും അത്താഴ വിരുന്നുകൾ കൂടുകയാണ്… കഴിക്കുന്നത് CPIM ആണെങ്കിലും, വിശപ്പ് അടങ്ങുന്നത് BJP യുടേതാണ്.

ഐസക്ക് സാറെ, ലേശം ചോറ് കൂടി!

Read more