കൊച്ചിയിലെ ഫ്‌ളാറ്റുകളില്‍ റെയ്ഡ്, ചൂതാട്ട കേന്ദ്രം കണ്ടെത്തി

കൊച്ചിയിലെ ഫ്ലാറ്റില്‍ പൊലീസ് ചൂതാട്ട കേന്ദ്രം കണ്ടെത്തി. ചെലവന്നൂരിലെ ഹീര ഫ്ലാറ്റില്‍ ലക്ഷങ്ങളുടെ ചൂതാട്ടം നടന്നുവെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ മാഞ്ഞാലി സ്വദേശി ടിപ്സന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളാണ് ചൂതാട്ടകേന്ദ്രം നടത്തിയിരുന്നത്. കൊച്ചിയില്‍ വാഹനാപകടത്തില്‍ മുന്‍ മിസ് കേരള ജേതാവടക്കമുള്ള സംഘം മരിച്ച കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കൊച്ചിയിലെ വിവിധ ഫ്ലാറ്റുകളില്‍ പൊലീസ് സംഘവും നര്‍കോട്ടിക്സ് സംഘവും ചേര്‍ന്ന് പരിശോധന നടത്തിയത്.

സൗത്ത്, മരട്, തേവര, പനങ്ങാട് എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. കൊച്ചിയില്‍ പല ഫ്‌ലാറ്റുകളിലും, റിസോര്‍ട്ടുകളിലും ഇത്തരത്തില്‍ പാര്‍ട്ടികള്‍ നടക്കുന്നതായി സൈജു പറഞ്ഞിരുന്നു. ചൂതാട്ടകേന്ദ്രത്തില്‍ ദിവസേന നിരവധി ആളുകളാണ് വന്നു പേയിരുന്നത്. പണത്തിന് പകരം കാര്‍ഡുകളായിരുന്നു ഉപയോഗിച്ചിരുന്നത്. പണം അക്കൗണ്ടിലൂടെയാണ് കൈമാറിയിരുന്നത്. ഫ്‌ലാറ്റില്‍ നടത്തിയ അന്വേഷണത്തില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി തെളിഞ്ഞു. കഞ്ചാവിന് ഉപയോഗിക്കുന്ന പേപ്പറുകള്‍ സംഘം കണ്ടെടുത്തു. പിടിയിലായ ടിപ്സനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

തിരുവനന്തപുരം വിഴിഞ്ഞത്തും ലഹരിപ്പാര്‍ട്ടികള്‍ നടന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. വിഴിഞ്ഞത്ത് കാരക്കാട്ട് റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടന്നിടത്ത് എക്‌സൈസ് റെയ്ഡ് നടത്തി. പരിശോധനയില്‍ ഹഷീഷ് ഓയില്‍, എംഡിഎംഎ തുടങ്ങിയവ പിടിച്ചെടുത്തു. റേവ് പാര്‍ട്ടി സംഘടിപ്പിച്ചെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 4 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ‘നിര്‍വാണ’ എന്ന കൂട്ടായ്മയാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത്. ഇന്നലെയും ഇന്ന് ഉച്ചവരെയും പാര്‍ട്ടി നടന്നതായാണ് വിവരം. ബെംഗളൂരുവില്‍ നിന്ന് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

നേരത്തെ സൈജുവിന്റെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ത്രീകളടക്കം 17 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. സൈജുവിനൊപ്പം ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്തവരാണിവര്‍. ഇവരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും പലരുടെയും ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. ഹാജരാകാത്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടിച്ചട്ടമനുസരിച്ച് നോട്ടീസ് നല്‍കാനാണ് തീരുമാനം.