കേരളത്തില്‍ പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വരുന്നില്ല; തൊഴിലില്ലായ്മക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് രാജീവ് ചന്ദ്രശേഖര്‍

രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് നമ്മുടെ കേരളമെന്നന്ന റിപ്പോര്‍ട്ട് ഏറെ ആശങ്ക ഉയര്‍ത്തുന്നതാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍. പതിറ്റാണ്ടുകള്‍ നീണ്ട ഇടത് – കോണ്‍ഗ്രസ് ഭരണത്തിന്റെ ബാക്കിപത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും പുതിയ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ പ്രകാരം കേരളത്തിലെ സ്ത്രീകളില്‍ 47.1% ഉം പുരുഷന്മാരില്‍ 19.3% ഉം തൊഴില്‍രഹിതരാണ്.

പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സംസ്ഥാനത്ത് വരുന്നില്ല. തന്മൂലം യുവാക്കള്‍ തൊഴില്‍ തേടി മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്. അവിടെ അപകട സാധ്യതയുള്ളതും സുരക്ഷിതമല്ലാത്തതുമായ സാഹചര്യങ്ങളിലാണ് പലരും ജോലി ചെയ്യുന്നത്.
യോഗ്യതയുള്ള യുവാക്കള്‍ക്കുള്ള സര്‍ക്കാര്‍ തസ്തികകള്‍ പോലും നികത്തപ്പെടുന്നില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുതയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കാലഹരണപ്പെട്ട സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് പട്ടിക തന്നെ ഉദാഹരണം.യുവാക്കളുടെ ഭാവി മെച്ചപ്പെടുത്താനുള്ള ഒന്നും കഴിഞ്ഞ എട്ട് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ ചെയ്തില്ലെന്ന് മാത്രമല്ല, സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്തിരിക്കുന്നു.
ഈ അവസ്ഥക്ക് അവസാനമുണ്ടാകാന്‍, തൊഴിലില്ലായ്മ പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.