തൃശൂര്‍- പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചു. ഇനി മുതല്‍ യാത്രചെയ്യാന്‍ 10 മുതല്‍ 40 രൂപ വരെ അധികമായി നല്‍കേണ്ടി വരും. കാറിനും ജീപ്പിനും ഒറ്റത്തവണ യാത്രയ്ക്ക് 100 രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. റിട്ടേണ്‍ ഉള്‍പ്പെടെ 150 രൂപയുമാകും. ബസുകളുടെ ടോള്‍നിരക്ക് 310, 465 എന്ന തോതിലാകും.
പുതുക്കിയ നിരക്കുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കരാര്‍ കമ്പനി അറിയിച്ചിരിക്കുന്നത്. ടോള്‍ നിരക്ക് കുറച്ചതിനെതിരെ കരാര്‍ കമ്പനി നല്‍കിയ അപ്പീലില്‍ ഹൈക്കോടതിയില്‍ നിന്ന് കമ്പനിക്ക് അനുകൂലമായി ഉത്തരവ് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ടോള്‍ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ കാര്‍, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ സിംഗിള്‍ യാത്രയ്ക്ക് 90 രൂപയും റിട്ടേണ്‍ ഉള്‍പ്പെടെ 135 രൂപയുമാണ് ഈടാക്കിയിരുന്നത്. ബസുകള്‍ക്ക് ഒരുവശത്തേക്കുള്ള യാത്രയ്ക്ക് 280 രൂപയും റിട്ടേണ്‍ ഉള്‍പ്പെടെ 425 രൂപയുമാണ് നിലവില്‍ ഈടാക്കുന്നത്.
Read more
2022 മാര്‍ച്ച് 9ന് ടോള്‍ പിരിവ് തുടങ്ങിയ പന്നിയങ്കരയില്‍ ഏപ്രിലില്‍ നിരക്ക് കൂട്ടിയിരുന്നു. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് കൂടുതല്‍ നിരക്ക് ഈടാക്കുന്നത് തടഞ്ഞത്. ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നത് കമ്പനി വൈകിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ മാസം പഴയ നിരക്കിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.