പെരിയാര്‍ തീരത്ത് ആശ്വാസം; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയുന്നു

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പില്‍ നേരിയ കുറവ് വന്നതിനെ തുടര്‍ന്ന് പെരിയാര്‍ തീരത്ത് ആശ്വാസം. നിലവില്‍ 139.15 അടിയാണ് ജലനിരപ്പ്. നാളെ മുതല്‍ മുല്ലപ്പെരിയാറിലെ റൂള്‍ കര്‍വ് പരിധി 138.4 അടിയാണ്. ഇന്നലെ ഉച്ച മുതല്‍ മഴ കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്കിലും നേരിയ കുറവ് വന്നിട്ടുണ്ട്.

അതേസമയം ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുകയാണ്. 2387.32 അടിയാണ് നിലവിലെ ജലനിരപ്പ്. 350 ക്യൂമെക്‌സ് വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കിവിട്ടുകൊണ്ടിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണെങ്കിലും കൂടുതല്‍ ജലം ഇന്ന് തുറന്നുവിട്ടേക്കില്ല.

ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞു. മുല്ലപ്പെരിയാറില്‍ നിന്നും ജലം തുറന്നു വിടുന്നുണ്ടെങ്കിലും അത് സംഭരിക്കാനുള്ള ശേഷി ഡാമിനുണ്ട്. ഇതേ തുടര്‍ന്നാണ് കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടതില്ലെന്ന തീരുമാനം.

അതേസമയം പാലക്കാട് ജില്ലയിലെ വാളയാര്‍ ഡാം ഇന്ന് തുറക്കും. രാവിലെ 8നാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുക. 201.78 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 203 മീറ്ററാണ് പരമവധി ജലസംഭരണശേഷി. മലമ്പുഴ, കാഞ്ഞീരപ്പുഴ, ശിരുവാണി ഡാം തുടങ്ങി ജില്ലയിലെ പ്രധാന ഡാമുകളെല്ലാം തുറന്നിട്ടുണ്ട്.