രമ്യ ഹരിദാസിന്റേത് ഇരട്ടി മധുരം, 28 വര്‍ഷത്തിന് ശേഷം കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒരു വനിതാ എം.പി

ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന പേരാണ് രമ്യ ഹരിദാസിന്റേത്. രമ്യയുടെ വിജയത്തിന് ചെറുതൊന്നുമല്ല മധുരം. ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തില്‍ എതിരാളിയെ ബഹുദൂരം പിന്നിലാക്കി എന്നത് മാത്രമല്ല രമ്യയുടെ സവിശേഷത. 28 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്ന വനിതാ എം പി എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് രമ്യ. 1991ല്‍ അന്നത്തെ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച സാവിത്രി ലക്ഷ്മണനായിരുന്നു രമ്യ ഹരിദാസിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്നും ജയിച്ച വനിത എംപി. അന്ന് 12365 വോട്ടുകളാണ് സാവിത്രി ലക്ഷ്മണന്‍ സ്വന്തമാക്കിയിരുന്നത്.

കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തുന്ന രണ്ടാമത്തെ ദളിത് വനിത കൂടിയാണ് രമ്യ. കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തുന്ന ഒമ്പതാമത്തെ വനിതയും കൂടിയാണ്. 1971 ല്‍ അടൂരില്‍ നിന്ന് ലോക്‌സഭയിലെത്തിയ ഭാര്‍ഗവി തങ്കപ്പനാണ് കേരളത്തിലെ ആദ്യത്തെ ദളിത് നിതാ എംപി. ഏഴ് പതിറ്റാണ്ടിനിടയില്‍ കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തുന്നത് ആകെ എട്ട് വനിതകള്‍ മാത്രമാണെന്നോര്‍ക്കണം. ഇതുവരെയുള്ളവരില്‍ അഞ്ചുപേരെ ലോക്‌സഭയിലേക്ക് അയച്ചത് സിപിഎമ്മാണ്. ഒരാളെ സിപിഐയും. ഇത്തവണ ലോക്‌സഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിതകളുടെ കൂട്ടത്തിലും രമ്യയുണ്ടാകും. ആനി മസ്‌ക്രീന്‍, ഭാര്‍ഗവി തങ്കപ്പന്‍, സാവിത്രി ലക്ഷ്മണന്, എ കെ പ്രേമജം, പി സതീദേവി, സി എസ് സുജാത , പി കെ ശ്രീമതി എന്നിവരാണ് ഇതിനു മുമ്പ് ലോക്‌സഭയിലെത്തിയ വനിതകള്‍.

ഇത്തവണ 158968 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രമ്യ ഹരിദാസ് എല്‍ഡിഎഫിന്റെ പി കെ ബിജുവിനെ പരാജയപ്പെടുത്തിയത്.

രമ്യ ഹരിദാസ് ജയിച്ചു കയറുമ്പോള്‍ ലോക്‌സഭയില്‍ ഒരു ഉറച്ച ശബ്ദത്തിന് കാത്തിരിക്കുകയാണ് ആലത്തൂര്‍.