കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഇപ്പോൾ മാറ്റേണ്ടതില്ലെന്ന് കെ മുരളീധരൻ. അധ്യക്ഷനെ നിലനിർത്തി വേണം പുനഃസംഘടന. പാർട്ടി എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്നും ഒരു അതൃപ്തിയുമില്ലെന്നും കെ മുരളീധരൻ പറഞ്ഞു. അതേസമയം ഇതാണ് നേതൃമാറ്റത്തിനുള്ള ശരിയായ സമയമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന ഒരു നേതാവ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് വേണമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ വിഷയത്തിൽ പ്രതികരിച്ചത്. ഇതുസംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് മുല്ലപ്പള്ളി കത്ത് നൽകി. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തിന് പിന്തുണ നൽകുമെന്നും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്നും ഖർഗെയ്ക്ക് അയച്ച കത്തിൽ മുല്ലപ്പളളി വ്യക്തമാക്കിയിട്ടുണ്ട്.
കെപിസിസി നേതൃമാറ്റം ചർച്ചയാകുമ്പോഴാണ് നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയത്. പുതിയ കെപിസിസി അധ്യക്ഷൻ വേണമെന്നാണ് കേരളത്തിലെ ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളുടെയും ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഭൂരിപക്ഷം നേതാക്കളും ഇക്കാര്യം അറിയിച്ചു. കെ സുധാകരന്റെ ആരോഗ്യ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.