ഈ വർഷത്തെ റിപ്പബ്ലിക് ദിനപരേഡിലും കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല. കേരളം നൽകിയ 10 മാതൃകകളും അംഗീകരിക്കപ്പെട്ടില്ല. വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ രണ്ട് വിഷയത്തിലാണ് കേരളത്തോട് നിശ്ചല ദൃശ്യ മാതൃക നൽകാൻ നിർദ്ദേശിച്ചിരുന്നത്.
കേരളം 10 ഡിസൈനുകൾ നൽകി. കേരളത്തിന്റെ വികസന നേട്ടങ്ങളാണ് ഉൾപ്പെടുത്തിയിരുന്നതെന്ന് പിആർഡി അഡീഷനൽ ഡയറക്ടർ വി സലിൻ പറഞ്ഞു. ജൂറി നിർദേശിച്ച മാറ്റങ്ങളോടെ രണ്ടാമതും അവതരിപ്പിച്ചു.
ത്രിമാന അവതരണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിമിതികൾ മൂലം നൽകിയില്ല. 2021ലും 2022ലും കേരളത്തിന്റെ നിശ്ചലദൃശ്യം ഉൾപ്പെടുത്തിയിരുന്നു. 2020ൽ അനുമതി നിഷേധിച്ചു. പഞ്ചാബ്, ഡൽഹി, ബംഗാൾ സംസ്ഥാനങ്ങൾക്കും അനുമതി ലഭിച്ചിട്ടില്ല. എല്ലാ വർഷവും 15-16 സംസ്ഥാനങ്ങളെ മാത്രമാണ് തിരഞ്ഞെടുക്കാറുള്ളത്.
Read more
റിപ്പബ്ലിക് ദിന പരേഡിലേക്ക് തിരഞ്ഞെടുക്കപ്പെടാത്ത നിശ്ചലദൃശ്യങ്ങൾ ഈ മാസം 23 മുതൽ 30 വരെ ചെങ്കോട്ടയിൽ നടക്കുന്ന ഭാരത് പർവിൽ സംസ്ഥാനങ്ങൾക്ക് അവതരിപ്പിക്കാം എന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ കേരളം തീരുമാനമെടുത്തിട്ടില്ല. അതേസമയം ഭാരത് പർവിൽ പങ്കെടുക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.