നടന് ജോജു ജോര്‍ജ്ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ കീഴടങ്ങി. പ്രകടനമായി എത്തിയാണ് മരട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ജോജു ജോര്‍ജ്ജ് സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു എന്ന് ടോണി ചമ്മിണി. പ്രകടനക്കാര്‍ ജോജുവിന്റെ കോലം കത്തിച്ചു. മാസ്‌ക് വെക്കാതെ അകലം പാലിക്കാതെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ഉറഞ്ഞുതുള്ളുന്ന കുറേയധികം വെള്ളക്കുപ്പായക്കാരെ തെരുവില്‍ കണ്ടു. ‘വാടാ വാടാ പോരിനുവാടാ പോരിനുവാടാ ജോജൂ ജോര്‍ജ്ജേ….’ 136 കൊല്ലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു ദേശീയ പ്രസ്ഥാനത്തിന്റെ ശത്രു, ഒരു നടന്‍. ആ നടന് ഏറെ അഭിമാനിക്കാം. ഇത്രയും കാലവും ഒരു സൂപ്പര്‍സ്റ്റാറിനുപോലും ലഭിക്കാത്ത ബഹുമതി.
പോലീസ് കള്ളക്കേസെടുത്തതാണെന്നും തങ്ങള്‍ നിയമപരമായി പകരം ചോദിക്കുമെന്നും ഡിസിസി പ്രസിഡന്‌റ് മുഹമ്മദ് ഷിയാസ്. കള്ളക്കേസാണോ അല്ലയോ എന്നതിന് തകര്‍ന്ന കാര്‍തന്നെയല്ലേ തെളിവ് ? പിന്നെ നിയമപരമായ പകരം ചോദിക്കലൊക്കെ നടത്താന്‍ കണ്ടവന്റെ വണ്ടി തല്ലിപ്പൊളിക്കുന്നത് നിയമവിധേയമാക്കണം. അതൊക്കെ അത്ര പെട്ടെന്ന് സാധിക്കുമോ ? ബുധനാഴ്ച മഹിളാ കോണ്‍ഗ്രസ്സിന്റെ ശക്തിപ്രകടനം ഉണ്ടായിരിക്കുന്നതാണെന്ന് ദീപ്തി മേരി വര്‍ഗ്ഗീസ്. തങ്ങള്‍ സ്ത്രീകള്‍ കൊടുത്ത പരാതി കണക്കിലെടുത്തില്ല എന്നു മാത്രമല്ല, തെളിവുണ്ടെങ്കില്‍ എടുക്കാമെന്ന വിചിത്രമായ ന്യായമാണ് കമ്മീഷണര്‍ പറഞ്ഞിരിക്കുന്നത്. …. തെളിവുണ്ടെങ്കില്‍ എടുക്കാമെന്നു പറഞ്ഞാല്‍ എങ്ങനെയാണ് മാഡം വിചിത്രമായ ന്യായമാകുന്നത് ? കോടതി ചോദിക്കാറുള്ളതും തെളിവല്ലേ.. എന്തിനാണ് നമ്മളെല്ലാം എപ്പോഴും പറയാറുള്ള വാക്കല്ലേ തെളിവുണ്ടോ എന്നത്. തെളിവു കൊടുക്കൂ.. ജോജു കാറിനു പുറത്തിറങ്ങിയതുമുതല്‍ അവിടെനിന്നും പോകുന്നതുവരെയുള്ള ഓരോ മിനിറ്റും ക്യാമറകള്‍ പകര്‍ത്തിയിട്ടുണ്ടല്ലോ.
തീരുന്നില്ല പ്രഹസനം. പെട്രോള്‍ വിലവര്‍ദ്ധനക്കെതിരെയുള്ള സമരമൊക്കെ പോയി. അതൊക്കെ ഇനി ആര്‍ക്കുവേണം. സമരഭടന്‍മാര്‍ ആവേശത്തോടെ കാലത്തേ നേരത്തേ പടക്കളത്തിലെത്തുമ്പോള്‍ ഓരോ ദിവസവും ശത്രു മാറിക്കൊണ്ടിരിക്കുന്നു. നിങ്ങള്‍ക്കും കുറച്ച് നികുതി കുറച്ചാലെന്താ എന്ന് സംസ്ഥാനസര്‍ക്കാരിനോട് ചോദിച്ച് ഒരു ദിവസം നടത്തിയ സമരം ന്യായമാണെന്നു കരുതാം. അതുപറ്റില്ല. പൊതുജനം എന്താഗ്രഹിക്കുന്നോ അതൊന്നും ഏറ്റെടുത്താല്‍ ഒരു ത്രില്ലില്ല. ഇപ്പോള്‍ സമരം സിനിമക്കെതിരെയാണ്. പൊതുജനങ്ങള്‍ക്ക് ജോജുവിനോട് അടങ്ങാത്ത ദേഷ്യമുണ്ടെന്നും അയാള്‍ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ആരെങ്കിലും റോഡിലെന്നല്ല എവിടെ തടഞ്ഞാലും കോണ്‍ഗ്രസ്സ് ഉത്തരവാദിയായിരിക്കില്ല എന്നുമാണ് കെ. മുരളീധരന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ തീര്‍ച്ചയായും ഉത്തരവാദിത്വമില്ലായ്മയുടെ ഒരു അപകടസൂചനയുണ്ട്.
കോവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ സിനിമാവ്യവസായം പതിയെപ്പതിയെ ഒരു ശിശുവിനെപ്പോലെ വീണ്ടും പിച്ചവെച്ചുവരുന്നതേയുള്ളൂ. വലിയ പ്രതിഫലം വാങ്ങുന്നവരുടെ മാത്രമല്ല ആയിരക്കണക്കിന് സാധാരണ കുടുംബങ്ങളുടെ ജീവനോപാധികൂടിയാണ് സിനിമ. അതില്‍നിന്നും കിട്ടുന്ന നികുതിയും രാജ്യത്തിന് വിലപ്പെട്ടതാണ്. സമരക്കാര്‍ കണ്ടുപിടിച്ച പുതിയ കാരണമാണ്, റോഡില്‍ സിനിമാഷൂട്ടിംഗ് സമ്മതിക്കില്ല. കാരണം ചോദിച്ചാല്‍ ഞങ്ങള്‍ നടത്തിയ സമരം അവരുടെ കൂട്ടത്തില്‍ ഒരുത്തന്‍ അലങ്കോലമാക്കി. അലമ്പു കാട്ടിയാല്‍ അലങ്കോലമാകുന്നത് സ്വാഭാവികമാണ്. അത് ആ ഒരുത്തന്‍വഴി ആയെന്നു മാത്രം. കാഞ്ഞിരപ്പള്ളിയില്‍ പൃഥ്വിരാജിന്റെ കടുവ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട് എന്നറിഞ്ഞ പൊന്‍കുന്നത്തെ കോണ്‍ഗ്രസ്സുകാര്‍ കൊടിയുമെടുത്ത് പുറപ്പെട്ടു. സംഭവിച്ചതോ കാഞ്ഞിരപ്പള്ളിയിലെ കോണ്‍ഗ്രസ്സുകാര്‍ ഷൂട്ടിംഗ് പാര്‍ട്ടിക്ക് അനുകൂലം. പിന്നെ ഉന്തുംതള്ളും ബഹളവും തമ്മില്‍ത്തല്ലുമായി. ഈ ഷൂട്ടിംഗ് ലൊക്കേഷന്‍ കണ്ടാലറിയാം തിരക്കില്ലാത്ത സ്ഥലമാണെന്ന്. സംഭവത്തെക്കുറിച്ച് മുതിര്‍ന്ന നേതാക്കളോട് മാദ്ധ്യമങ്ങള്‍ അഭിപ്രായം ചോദിക്കുമ്പോഴോ.. കാഞ്ഞിരപ്പള്ളിയില്‍ നടന്ന ഷൂട്ടിംഗുകാര്‍ക്ക് അനുകൂലമായി നിന്ന കാഞ്ഞിരപ്പള്ളിയിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് അനുകൂലമായി നേതൃത്വം പ്രതികരിക്കും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ നേരെ തിരിച്ചാണ് സംഭവിച്ചത്. വിനാശകാലേ വിപരീതബുദ്ധിയല്ലേ വരാന്‍ സാദ്ധ്യതയുള്ളൂ..
ശ്രീനിവാസന്‍ നായകനായ കീടം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞദിവസം പുത്തന്‍കുരിശ് പിഡബ്ലൂഡി റെസ്റ്റ് ഹൗസില്‍ നടക്കുകയായിരുന്നു. അവിടെയുമെത്തി കൊടിയും പൊക്കി യൂത്ത് കോണ്‍ഗ്രസ്സ്. കാഞ്ഞിരപ്പള്ളിയില്‍ ചെയ്തത് റോഡില്‍ ഷൂട്ടിംഗ് നടന്നതുകൊണ്ടാണ്. റെസ്റ്റ് ഹൗസില്‍ എന്താണാവോ പ്രശ്‌നം ? അന്വേഷിച്ചപ്പോഴറിഞ്ഞത് റെസ്റ്റ് ഹൗസിന്റെ മുറ്റംവരെ ടാര്‍ ചെയ്തിട്ടുണ്ട് എന്നാണ്.
ഈ പൃഥ്വിരാജോ ശ്രീനിവാസനോ ആരുംതന്നെ ഈ കേസില്‍ ഇടപെട്ടവരല്ല എന്നോര്‍ക്കണം. എന്നാലും ശരി. സിനിമാക്കാര്‍ മുഴുവനും ഇപ്പോള്‍ ശത്രുക്കളാണ്. നമ്മള്‍ ഒന്നോര്‍ക്കണം. ഒരു ദിവസം ഷൂട്ടിംഗ് മുടങ്ങിയാല്‍ വരുന്ന നഷ്ടം കോടികളാണ്. ഒരു മണിക്കൂര്‍ മുടങ്ങിയാലും ലക്ഷങ്ങള്‍. ഒരു തൊഴിലിനും പോകാന്‍ താത്പര്യമില്ലാതെ കൊടിയും വടിയും പൊക്കി വരുന്നവരോട് ഇതൊക്കെ ആരു പറയാന്‍ ? പകരം ചോദിക്കല്‍ തുടരും. ജോജുവിനോടല്ല, സിനിമാക്കാരോടെല്ലാം. ഇനി കാടടച്ചാണ് വെടി.
Read more
ഇനിയും ഇതിന് മാറ്റം വരുമെന്ന പ്രതീക്ഷയൊന്നുമില്ല. അല്പം ഭേദമായ വിഡി സതീശനോ പിസി വേണുഗോപാലോ പറയുന്നതിനൊന്നും ചെവികൊടുക്കാന്‍ യൂത്തുകോണ്‍ഗ്രസ്സുകാര്‍ക്ക് താത്പര്യമില്ല. പതിനെട്ടോ ഇരുപതോ വയസ്സുള്ളപ്പോള്‍ കോളേജില്‍ തല്ലുണ്ടാക്കിയതും ചിവിട്ടിവീഴ്ത്തിയതും ഇപ്പോഴും ചൈനയുമായി യുദ്ധത്തിനുപോയമാതിരി വീമ്പിളക്കുന്ന നേതാവിന് ഇങ്ങനെതന്നെ വേണം. ഇതുപോലുള്ള അനുയായികളെത്തന്നെ കിട്ടണം.