'ജാവദേക്കർ ബിജെപിയിലേക്ക് ക്ഷണിച്ചു,സിപിഎം നേതാക്കളോട് ക്ഷമാപണം നടത്തി'; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി എസ് രാജേന്ദ്രന്‍

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉണ്ടായ അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്തി മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. പ്രകാശ് ജാവദേക്കർ ബിജെപിയിലേക്ക് ക്ഷണിച്ചു എന്നാൽ താൻ ആ ക്ഷണം നിരസിച്ചെന്നാണ് എസ് രാജേന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രകാശ് ജാവദേക്കറെ കണ്ടത് ബനധുവിന്റെ വിവാഹത്തിന് ക്ഷണിക്കാൻ ആണെന്നും രാജേന്ദ്രന്‍ പറഞ്ഞു.

ബിജെപിയിലേക്ക് ക്ഷണിച്ച പ്രകാശ് ജാവദേക്കർ, ഇതാണ് പറ്റിയ സമയമെന്നും പറഞ്ഞു. എന്നാൽ ഇല്ലെന്ന് താൻ പറഞ്ഞുവെന്നണ് രാജേന്ദ്രന്റെ വിശദീകരണം. തന്റെ സഹോദരന്‍ ദുരൈ ബോസ് ബിജെപിയുടെ ഒബിസി വിഭാഗത്തിന്റെ നാഷണല്‍ എക്‌സിക്യുട്ടീവ് അംഗമാണ്. സഹോദരന്റെ വീട്ടിലെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് പ്രകാശ് ജാവദേക്കറെ ക്ഷണിക്കാന്‍ വന്നതാണ്. സഹോദരന്‍ കാലിന് അസുഖമായി വിശ്രമിക്കുകയാണ്. അവന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഡൽഹിയിലേക്ക് പോയതെന്നും രാജേന്ദ്രൻ വ്യക്തമാക്കി.

ജാവദേക്കറുമായുള്ള കൂടിക്കാഴ്ച തെറ്റായ സമയത്തായിരുന്നുവെന്നും ഇക്കാര്യത്തിൽ സിപിഐഎം നേതാക്കളോട് ക്ഷമാപണം നടത്തിഎന്നും രാജേന്ദ്രൻ പ്രതികരിച്ചു. സിപിഎം അംഗത്വം പുതുക്കില്ല. പാർട്ടി നേതാക്കളുമായുള്ള പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. എന്നാൽ സിപിഎമ്മിൽ തന്നെ തുടരും. ഇടുക്കിയിൽ ജോയ്‌സ് ജോർജിനുവേണ്ടി നേരിട്ട് പ്രചാരണത്തിന് ഇറങ്ങില്ലെന്നും രാജേന്ദ്രൻ വ്യക്തമാക്കി.

Read more

കോൺഗ്രസ്, സിപിഐ, ബിഎസ്പിക്കാര്‍, ജനതാ ദൾ, സിഎംപി, എന്‍സിപി തുടങ്ങിയ പാർട്ടിക്കാർ എല്ലാം തന്നെ ക്ഷണിച്ചിരുന്നുവെന്നും രാജേന്ദ്രൻ പറഞ്ഞു. അതേസമയം സസ്പെൻഡ് ചെയ്യപ്പെട്ടതിന് ശേഷം രാജേന്ദ്രനെ തിരിച്ച് പാര്‍ട്ടിയിലേക്ക് എടുത്തിരുന്നില്ല. ഇക്കാര്യത്തില്‍ ഇടുക്കിയില്‍ തന്നെയുള്ള ചില നേതാക്കളാണ് തടസം സൃഷ്ടിക്കുന്നതെന്ന് നേരത്തെ എസ് രാജേന്ദ്രൻ ആരോപിച്ചിരുന്നു.