'സന്തോഷിന്‍റെ ആരോഗ്യനില ഗുരുതരം, ഡോക്ടര്‍മാര്‍ പരമാവധി പരിശ്രമിക്കുന്നുണ്ട്'; സന്ദര്‍ശിച്ച് മന്ത്രി രാധാകൃഷ്ണന്‍

തൃശൂര്‍ കിള്ളിമംഗലത്തെ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പരിക്കേറ്റ സന്തോഷിന്റെ ആരോഗ്യ നില ഗുരുതരമാണെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂറോ ഐ സി യുവിലെത്തി സന്തോഷിനെ സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്നലെ ശസ്ത്രക്രിയ നടത്തിയിരുന്നു. സിടി സ്‌കാന്‍ എടുത്തിട്ടുണ്ട്. ഡോക്ടര്‍മാര്‍ പരമാവധി പരിശ്രമിക്കുന്നുണ്ട്. പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സംഭവം അറിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ബന്ധപ്പെട്ടു. സന്തോഷിന് മികച്ച ചികിത്സ ഉറപ്പാക്കും.

നാല് പ്രതികള്‍ നിലവില്‍ അറസ്റ്റിലായിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. രണ്ടേമുക്കാല്‍ വരെ സന്തോഷ് വീട്ടിലുണ്ടായിരുന്നു. എന്തിനാണെന്ന് പോലും അറിയാതെയാണ് മര്‍ദ്ദനം. സംഭവത്തില്‍ ഒരാളെപ്പോലും രക്ഷപെടാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

സംഭവത്തില്‍ 11 പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന വീഡിയോ പൊലീസ് പു റത്തുവിട്ടിരുന്നു. കേസില്‍ നാലുപേര്‍ അറസ്റ്റിലായി. അടയ്ക്ക വ്യാപാരി അബ്ബാസ് ( 48), സഹോദരന്‍ ഇബ്രാഹിം (41) , ബന്ധുവായ അല്‍ത്താഫ് (21 ), അയല്‍വാസി കബീര്‍ (35 )എന്നിവരാണ് അറസ്റ്റിലായത്.

Read more

ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്ന് ചേലക്കര പൊലീസ് പറഞ്ഞു. അടയ്ക്ക മോഷണ മാരോപിച്ചാണ് സന്തോഷിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്.