സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല; പിവി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെ സുധാകരന്‍

പിവി അന്‍വറിനെ സഹകരിപ്പിക്കണമെന്ന തന്റെ നിലപാടിന് തടസമായത് വിഡി സതീശനും അന്‍വറും തമ്മില്‍ തെറ്റിയതിനെ തുടര്‍ന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിവി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാട്. എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി തെറ്റിയതാണ് സഹകരണം ഇല്ലാതെ പോയതിന് കാരണമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.

സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല. ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിനൊപ്പം പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാകുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ നിലപാട് ഒരേ ശക്തിയെ എതിര്‍ക്കുന്നവര്‍ തമ്മില്‍ യോജിച്ച് മുന്നോട്ടുപോകണമെന്നായിരുന്നു. അന്‍വറിനെ ഒപ്പം നിര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ സതീശനും അന്‍വറും തമ്മില്‍ തെറ്റിയത് വിനയായെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

ഉപതിരഞ്ഞെടുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് താനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേര്‍ന്നാണ്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കുഴപ്പവുമുണ്ടായിട്ടില്ല. കോണ്‍ഗ്രസില്‍ വലിയ ഭിന്നതയെന്ന വാര്‍ത്ത ശരിയല്ലെന്നും സുധാകരന്‍ പറഞ്ഞു. പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചാല്‍ ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിക്കണമെന്നായിരുന്നു അന്‍വറിന്റെ നിലപാട്.