പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍പോള്‍ അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മ്മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലില്‍ ഇത്തിരിനേരം, ഈറന്‍ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങള്‍ ജോണ്‍പോളിന്റെ തൂലികയില്‍ വിരിഞ്ഞവയാണ്.

കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവില്‍ എഴുതിയത്. ദേശീയ അന്തര്‍ദേശീയപുരസ്‌കാരങ്ങള്‍ നേടിയ ‘ഒരു ചെറുപുഞ്ചിരി’ എന്ന എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണം ജോണ്‍പോള്‍ ആയിരുന്നു.

ഗാംഗ്സ്റ്റര്‍, സൈറബാനു തുടങ്ങിയ ചിത്രങ്ങളില്‍ ചെറുവേഷം ചെയ്തു. സിനിമയുമായി ബന്ധപ്പെട്ടതുള്‍പ്പെടെ ഇരുപതിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ സ്ഥാപക സെക്രട്ടറി കൂടിയാണ് അദ്ദേഹം.

ജോണ്‍ പോളിന്റെ സംസ്‌കാരം നാളെ വൈകീട്ട് നാല് മണിക്ക് ഇളംകുളം സുറോന ചര്‍ച്ചില്‍ നടക്കും. രാവിലെ 8 മണി മുതല്‍ 11 മണി വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനമുണ്ടാകും. പിന്നീട് ചാവറയിലും പൊതുദര്‍ശനം നടക്കും. ഇന്ന്  മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കും.