മലങ്കര സുറിയാനി സഭയുടെ വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കാൻ നടത്തിയ കൂനൻകുരിശ് സത്യത്തിന്റെ 366-ാം വാർഷികവേളയിൽ രണ്ടാം കൂനൻകുരിശ് സത്യത്തിന് ഞായറാഴ്ച കോതമംഗലം മാർത്തോമ ചെറിയപള്ളി സാക്ഷ്യം വഹിക്കുന്നു. ചെറിയപള്ളി പെരുന്നാളിന്റെ സമാപനദിവസമായ വെള്ളിയാഴ്ച കുർബാനയ്‌ക്കിടയിലാണ് മാർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കൂനനൻകുരിശ് സത്യം പ്രഖ്യാപിച്ചത്.
സഹനത്തിന്റെയും സമാധാനത്തിന്റെയും മാർഗ്ഗത്തിൽ ഗാന്ധിയൻ സമരമുറകളിലൂടെ ശക്തമായ മുന്നേറ്റവും പ്രതിരോധവും തീർക്കുന്നതിന് മുന്നോടിയായാണ് യാക്കോബായ സഭയുടെ നേതൃത്വത്തിൽ രണ്ടാം കൂനൻകുരിശ് സത്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
വൈകീട്ട് മൂന്നുമണിക്കാണ് അന്ത്യോഖ്യ മലങ്കരബന്ധം ഊട്ടിയുറപ്പിച്ച് രണ്ടാം കൂനൻകുരിശ് സത്യം. ശ്രേഷ്ഠ കാതോലിക്കാബാവയുടെ വിശദമായ കല്‍പന മലങ്കരയിലെ മുഴുവൻ പള്ളികളിലും രാവിലെ കുർബാന മധ്യേ വായിക്കും. മലങ്കരയിലെ 1600-ഓളം പള്ളികളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം യാക്കോബായ വിശ്വാസികൾ പങ്കെടുക്കും.
ഇനി ഒരു പള്ളിയും മറുവിഭാഗത്തിന് വിട്ടു കൊടുക്കില്ലെന്ന് പ്രഖ്യാപിക്കാൻ യാക്കോബായ വിശ്വാസികൾ ഒന്നാകെ രണ്ടാം കൂനൻകുരിശ് സത്യത്തിൽ അണിനിരക്കുമെന്ന് ചെറിയപള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ പറഞ്ഞു. എൽദോ മാർ ബസേലിയോസ് ബാവയുടെ കബറിൽ കൈപിടിച്ച് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ ആദ്യകണ്ണിയാകും. തുടർന്ന് മെത്രാപ്പൊലീത്തമാരും വൈദികരും അണിനിരന്ന് കൽക്കുരിശിന്റെ ചുവട്ടിലെത്തും. കൽക്കുരിശിൽക്കെട്ടുന്ന വടത്തിൽ പിടിച്ച് വിശ്വാസികൾ സത്യവിശ്വാസ സംരക്ഷണപ്രതിജ്ഞ ചൊല്ലും.
പത്ര സമ്മേളനത്തിൽ ട്രസ്റ്റിമാരായ സി.ഐ.ബേബി, ബിനോയി മണ്ണഞ്ചേരി, ജോമോൻ പാലക്കാടൻ, ബേബി ആഞ്ഞിലിവേലി, ബിനോയിദാസ് തുടങ്ങിയവർ പങ്കെടുത്തു.
കൂനൻകുരിശ് സത്യം
Read more
1653 ജനുവരി മൂന്നിന് മട്ടാഞ്ചേരിയിലെ മാതാവിന്റെ ദേവാലയത്തിനു മുന്നിലെ കുരിശിൽ തൊട്ട് പ്രതിജ്ഞ ചൊല്ലിയതാണ് ഒന്നാം കൂനൻകുരിശ് സത്യം. കുരിശിൽ തൊടാനാവത്തവർ കുരിശിൽ ആലാത്ത് (വടം) കെട്ടി അതിൽ പിടിച്ചാണ് അന്ന് പ്രതിജ്ഞയെടുത്തത്. ഭാരം താങ്ങാനാവാതെ കുരിശ് അൽപ്പം ചെരിഞ്ഞു. അങ്ങനെയാണ് കൂനൻകുരിശ് സത്യം ചരിത്രത്തിലിടം നേടിയത്.