പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നു; അന്യസംസ്ഥാന തൊഴിലാളികളെ ബോധവത്കരിക്കാൻ പൊലീസ്

എറണാകുളം ജില്ലയിൽ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ലൈംഗിക അതിക്രമങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുമായി പൊലീസ്. എറണാകുളം റൂറൽ പൊലീസ് പരിധിയിലെ അന്യസംസ്ഥാന തൊഴിലാളികളെ ബോധവത്ക്കരിക്കാനാണ് ആദ്യ ശ്രമം.

ഇന്ന് രാവിലെ പത്ത് മണിക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ ബോധവത്കരണ ക്യാമ്പ് പെരുമ്പാവൂരില്‍ നടത്താനാണ് പൊലീസ് തീരുമാനം. അന്യസംസ്ഥാന തൊഴിലാളികൾക്ക് ക്യാംപിന്റെ ഭാഗമായി വൈദ്യപരിശോധനയും ഏർപ്പെടുത്തും.

അടുത്തിടെ പെൺകുഞ്ഞുങ്ങള്‍ക്കെതിരെ നാല് അതിക്രമങ്ങളാണ് റൂറൽ പൊലീസ് പരിധിയിൽ റിപ്പോർട്ട് ചെയ്തത്. നാല് കേസിലും പ്രതികൾ അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. ഈ സാഹചര്യത്തിലാണ് അന്യസംസ്ഥാന തൊഴിലാളികളെ നിയമത്തെക്കുറിച്ചും ശിക്ഷാ നടപടികളെ കുറിച്ചും ബോധവത്കരണം നല്‍കാൻ പൊലീസ് തീരുമാനിച്ചത്.

വെള്ളിയാഴ്ച പെരുമ്പാവൂർ കുറുപ്പംപടിയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ മൂന്ന് വയസുള്ള മകൾക്ക് നേരെ ലൈംഗീകാതിക്രമം നടന്നിരുന്നു. ഉറങ്ങി കിടന്ന മൂന്ന് വയസുകാരിയെ അസം സ്വദേശികളായ പ്രതികളാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. 18 വയസും 21 വയസുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും രണ്ട് പ്രതികളും കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.