അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട റെയ്ഡിൽ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണം തിരികെ നൽകണമെന്ന ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും . വിജിലൻസലിനെ ട്രോളിക്കൊണ്ടാണ് നേതാക്കളുടെ പ്രതികരണം.
‘ആ പൈസയെങ്ങാനും അവമ്മാര് കരുവന്നൂരിൽ ഇട്ടു കാണോ എന്തോ?’ എന്നാണ് ഷാഫി ഫേസ്ബുക്കിൽ കുറിച്ചത്. ഇഞ്ചി വിറ്റിട്ടായാലും വേണ്ടില്ല എടുത്തോണ്ട് പോയ 47 ലക്ഷം തിരിച്ചെത്തിക്ക് വിജിലൻസേ എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്. മനസ്സിലായോ സാറുമ്മാരെ….! ഫേക്ക് പോരാളിയല്ല, ഒറിജിനൽ പോരാളിയാണ് ഷാജി എന്നും മാങ്കൂട്ടത്തിൽ കുറിപ്പിലൂടെ പറഞ്ഞു.
Read more
കഴിഞ്ഞ വർഷം കണ്ണൂരിലെ വീട്ടിൽ നിന്ന് വിജിലൻസ് റെയ്ഡ് നടത്തി പിടിച്ചെടുത്ത 47,35,000 രൂപ തിരിച്ച് നൽകണമെന്നാണ് ഇന്ന് ഹൈക്കോടതി ഉത്തരവിട്ടത്. പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണമാണ് വിജിലൻസ് കൊണ്ടുപോയതെന്നായിരുന്നു ഷാജിയുടെ വാദം.