കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള രക്ഷാദൗത്യം പുനരാരംഭിക്കും. അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഗംഗാവലി പുഴയിൽ നാവികസേനയുടെ പരിശോധന ഇന്ന് നടക്കും. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും. നേരത്തെ മാർക്ക് ചെയ്ത രണ്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധന.
രാവിലെ ഒൻപതോടെ കാർവാറിൽ നിന്നുള്ള നാവികസേന അംഗങ്ങൾ ഷിരൂരിൽ എത്തും. ഗംഗാവലി പുഴയുടെ ഒഴുക്കിൻ്റെ വേഗത അറിയാനുള്ള പരിശോധനയും നടത്തും. ഇതിന് ശേഷമായിരിക്കും നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിൽ മുങ്ങിയുള്ള പരിശോധന നടത്തണോ എന്നുള്ള കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. സോണാര്‍ പരിശോധനയിലൂടെ ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തിയതിന് ശേഷമാകും ഡൈവര്‍മാര്‍ പുഴയിലേക്ക് ഇറങ്ങുക.
അതേസമയം തിരച്ചിൽ പുനരാരംഭിക്കുന്നതിൽ സന്തോഷമെന്ന് അർജുന്റെ കുടുംബം അറിയിച്ചു. ഡ്രഡ്‌ജിംഗ് ഉൾപ്പെടെ നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. നേരത്തെ ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ വിമർശനവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ഷിരൂരിലെത്തി കളക്‌ടറെ നേരിട്ട് കണ്ട് ആശങ്ക അറിയിക്കാനായിരുന്നു കുടുംബത്തിന്റെ നീക്കം. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞിട്ടും അർജുനായുള്ള തിരച്ചിൽ നടക്കുന്നില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.