ശോഭ സുരേന്ദ്രന് ഡൽഹിക്ക് ക്ഷണം; പാർട്ടിയിൽ ഉയര്‍ന്ന പദവി നൽകിയേക്കും

ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ച് ദേശീയ നേതൃത്വം. നാളെ ഡൽഹിയിലെത്താൻ ശോഭ സുരേന്ദ്രന് നേതൃത്വം നിര്‍ദ്ദേശം നൽകി. സംഘടനാ തലത്തിൽ ശോഭ സുരേന്ദ്രന് ഉയര്‍ന്ന പദവി നൽകുന്ന കാര്യം പാര്‍ട്ടി ദേശീയ നേതൃത്വം പരിഗണിക്കുന്നുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിൽ ശോഭ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും എൻഡിഎ വോട്ടുവിഹിതം കുത്തനെ ഉയർത്താൻ ശോഭ സുരേന്ദ്രനായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കനുസരിച്ച് 28.37 ശതമാനം വോട്ടുകളാണ് ശോഭ നേടിയത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്‌ഥാനാർഥി നേടിയത് 17.24 ശതമാനം വോട്ടാണെങ്കിൽ ഇത്തവണ 11.13 ശതമാനം വോട്ട് അധികമാണ് ശോഭ സുരേന്ദ്രൻ നേടിയത്. അതായത്, ആലപ്പുഴയിൽ എൻഡിഎയുടെ വോട്ട് കഴിഞ്ഞ തവണത്തേക്കാൾ 1.07 ലക്ഷം വർധിച്ചു.