കൊച്ചിയില്‍ ഐഡി പ്രൂഫ് ചോദിച്ച എസ്‌ഐയെ കരണത്തടിച്ചുവീഴ്ത്തി; പൊലീസ് വാഹനത്തിന് നേരെയും ആക്രമണം; യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതി പിടിയില്‍. ലക്ഷദ്വീപ് സ്വദേശിയായ ഹമീം ത്വയ്യിബ് എന്ന 24 കാരനാണ് പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എളമക്കര സ്റ്റേഷനില്‍ നിന്ന് പട്രോളിംഗിനിറങ്ങിയ പൊലീസ് സംഘത്തിന് നേരെ ആയിരുന്നു പ്രതിയുടെ ആക്രമണം. സംഭവത്തില്‍ എസ്‌ഐ കൃഷ്ണകുമാറിന് പരിക്കേറ്റു.

പുലര്‍ച്ചെ 1.30ന് ഇടപ്പള്ളി പാലസ് റോഡില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് സമീപം ബൈക്കിലിരുന്ന പ്രതിയോട് പൊലീസ് കാര്യങ്ങള്‍ അന്വേഷിച്ചു. എന്നാല്‍ ഇയാള്‍ പരസ്പര വിരുദ്ധമായി മറുപടി നല്‍കിയതോടെ എസ്‌ഐ കൃഷ്ണകുമാര്‍ ഐഡി പ്രൂഫ് കാണിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ പ്രകോപിതനായ പ്രതി എസ്‌ഐയുടെ മുഖത്തടിച്ച് വീഴ്ത്തുകയായിരുന്നു.

പ്രതിയുടെ വാഹനത്തിന്റെ നമ്പറും വ്യക്തമായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കൃഷ്ണകുമാറിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ ്‌സിപിഒ ശ്രീജിത്തിനും പ്രതിയില്‍ നിന്ന് ആക്രമണമുണ്ടായി. തുടര്‍ന്ന് കല്ല് എടുത്തു വീശുകയും പൊലീസ് വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്തു.

ഇതോടെ പൊലീസ് സംഘം വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. എളമക്കര വികാസ് റോഡിലാണ് ഹമീം താമസിക്കുന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.