സിദ്ദിഖിന്റെ മുൻകൂർജാമ്യാപേക്ഷ; സുപ്രീം കോടതിയിൽ തടസഹർജി നൽകി അതിജീവിത

ബലാത്സം​ഗ കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിന്റെ മുൻകൂർജാമ്യാപേക്ഷയിൽ സുപ്രീം കോടതിയിൽ തടസഹർജി നൽകി അതിജീവിത. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്ന സൂചനകൾക്ക് പിന്നാലെയാണ് അതിജീവിതയുടെ നീക്കം. അതേസമയം സിദ്ദിഖിന്റെ മുൻകൂർജാമ്യാപേക്ഷയിൽ സർക്കാരും തടസഹർജി നൽകും.

അതേസമയം ഒളിവിൽ പോയ സിദ്ദിഖിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. സിനിമ സുഹൃത്തുക്കളുടെ ഫോണുകൾ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലുമെല്ലാം പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അർദ്ധരാത്രിയും തുടർന്നിരുന്നു. എന്നാൽ യാതൊരു തുമ്പും കണ്ടെത്താനായില്ല.

ഹൈക്കോടതി മുൻ‌കൂർ ജാമ്യം നിരസിച്ച് 24 മണിക്കൂറിനോട്‌ അടുത്തിട്ടും സിദ്ദിഖിനെ പിടികൂടാൻ കഴിയാത്തതിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. അതേസമയം അന്വേഷണസംഘം പ്രതിയെ രക്ഷപെടാൻ അനുവദിക്കുയാണെന്ന് ആരോപിച്ച് പ്രതിഷേധവും ഉയരുന്നുണ്ട്. സിദ്ദിഖിനായി പ്രത്യേക അന്വേഷണസംഘം സംസ്ഥാനത്തിന് പുറത്തും തിരച്ചിൽ തുടരുകയാണ്.